ഐ.സി.സി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsദോഹ: ഐ.സി.സി ഭാരത് ഉത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ സ്റ്റാർ സിംഗർ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകീട്ട് 6.30ന് അൽ വക്റ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സംഗീത പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സ്റ്റാർ സിംഗർ മത്സരത്തിൽ വിവിധ റൗണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കി അഞ്ചു മത്സരാർഥികൾ ഇന്ന് ഫൈനലിൽ മാറ്റുരക്കും. 10,000, റിയാലാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലും. കൂടാതെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും.
ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഐ.സി.സി സംഘടിപ്പിക്കുന്ന ഭാരത് ഉത്സവ് -2026 ഫെസ്റ്റിവൽ ആഘോഷ പരിപാടികൾ 23ന് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതൽ 11 വരെ നടക്കും.
ലൈവ് ഓർക്കസ്ട്ര, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, ഐ.സി.സിയിൽ അഫിലിയേറ്റ് സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങൾ എന്നിവ അരങ്ങേറും. തിരുവാതിര, തമിഴ്നാട്ടിലെ ആട്ടം, തെലുങ്ക് നൃത്തരൂപങ്ങൾ, ഗുജറാത്തിലെ ഗർബ (ദണ്ഡിയ) എന്നിവ കോർത്തിണക്കിയുള്ള സവിശേഷമായ ഫ്യൂഷൻ ഡാൻസും വേദിയിൽ എത്തും. കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളും നാടൻ കലാരൂപങ്ങളും സംഗീതവും ഉൾപ്പെടുത്തിയുള്ള വർണാഭമായ ഘോഷയാത്രയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പവലിയനുകളും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമൂഹിക സേവന പദ്ധതികളെ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയനും ഒരുക്കും.
ഇന്ത്യൻ കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സംഘാടകർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

