പ്രതിഭകൾക്ക് ഐ.സി.സി എക്സലൻസ് പുരസ്കാരങ്ങൾ
text_fieldsഐ.സി.സി അക്കാദമിക് എക്സലൻസ് പുരസ്കാരം നേടിയ വിദ്യാർഥികൾ അംബാസഡർ വിപുലിനും ഐ.സി.സി ഭാരവാഹികൾക്കുമൊപ്പം
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നായി വ്യത്യസ്ത സ്ട്രീമുകളിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥികൾക്കാണ് അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. എംബസി ചാൻസറി ഹെഡും കോൺസുലാറുമായ ഡോ. വൈഭവ് തണ്ട്ല, വിദ്യാഭ്യാസ-സാംസ്കാരിക ഫസ്റ്റ് സെക്രട്ടറി ഹരിഷ് പാണ്ഡേ, സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. ഐ.സി.സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡേ സ്വാഗതം പറഞ്ഞു.
സ്കൂൾ ആക്ടിവിറ്റീസ് ഹെഡ് അനു ശർമ ആമുഖപ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് എ.പി. മണികണ്ഠൻ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു.

