ഡെലിവറി ബോയ്സിനും ഡ്രൈവർമാർക്കും ബോധവത്കരണവുമായി ഐ.സി.ബി.എഫ്
text_fieldsഐ.സി.ബി.എഫ് റോഡ് സുരക്ഷ ബോധവത്കരണ സെമിനാറിൽ ട്രാഫിക് ഓഫിസർ ഫസ്റ്റ് ലഫ്. ഹമദ് സലീദം അൽ നഹാബിന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ
ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്സിനും, ലിമോസിൻ-ടാക്സി ഡ്രൈവർമാർക്കുമായി ഡ്രൈവിങ് സുരക്ഷബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 29ന് ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന സെമിനാറിൽ, ഡെലിവറി, ലിമോസിൻ, ടാക്സി മേഖലകളിൽനിന്നും ഏതാണ്ട് 180 ഓളം പേർ പങ്കെടുത്തു.
ഡ്രൈവിങ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ മുഖ്യാതിഥിയായിരുന്നു. പ്രവാസി സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം പരിപാടികൾക്ക് പിന്തുണ നൽകുന്ന ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കാലികമായ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ബി.എഫിനെ അദ്ദേഹം അഭിനന്ദിച്ചു. ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഡെലിവറി സമയം കൃത്യമായി പാലിക്കാൻ ഡെലിവറി ബോയ്സ് നേരിടുന്ന സമ്മർദം ഒരിക്കലും അപകടത്തിലേക്ക് നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് സെക്രട്ടറിയും പ്രോഗ്രാം കോഓഡിനേറ്ററുമായ ടി.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ഐ.സി.ബി.എഫ് ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത ഡെലിവറി ബോയ്സും ലിമോസിൻ ഡ്രൈവർമാരും വിശിഷ്ടാതിഥികൾക്കൊപ്പം
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ബോധവത്കരണ വിഭാഗം ഓഫിസർ ഫസ്റ്റ് ലഫ്റ്റനന്റ് ഹമദ് സലീം അൽ നഹാബ്, സെമിനാറിൽ പങ്കെടുത്ത കമ്പനികളെ അഭിനന്ദിക്കുകയും, ഖത്തർ റോഡുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തുന്നതിൽ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫിസ് കോഓഡിനേറ്റർ ഫൈസൽ അൽ ഹുദവിയുമായി ചേർന്ന് സെമിനാറിന് അദ്ദേഹം നേതൃത്വം നൽകി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടന്ന സെമിനാറിനു ശേഷം, റോഡ് സുരക്ഷ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദി പറഞ്ഞു. അപകടരഹിത ഡ്രൈവിങ് റെക്കോഡുള്ള അഞ്ച് ബൈക്ക് ഡെലിവറി ജീവനക്കാർക്കും, അഞ്ച് ലിമോസിൻ - ടാക്സി ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. മാനേജിങ് കമ്മിറ്റിയംഗങ്ങളായ സെറീനാ അഹദ്, നീലാംബാരി സുശാന്ത്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

