ദുഖാനിലും സേവനങ്ങളെത്തിച്ച് ഐ .സി.ബി.എഫ് കോൺസുലർ ക്യാമ്പ്
text_fieldsഐ.സി.ബി.എഫ് നേതൃത്വത്തിൽ ദുഖാനിൽ നടന്ന പ്രത്യേക കോൺസുലാർ ക്യാമ്പിൽ നിന്ന്
ദോഹ: ദോഹക്ക് പുറത്ത്, വിദൂരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കായി എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും നടത്തുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ദുഖാനിലും പൂർത്തിയായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ നിരവധി പേർ എംബസിയുടെ കോൺസുലാർ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
രാവിലെ ഒമ്പതു മുതൽ 12 വരെ നടന്ന ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പി.സി.സി) തുടങ്ങിയ സേവനങ്ങളാണ് അമ്പതോളം പേർക്ക് പ്രയോജനമായത്. ദോഹയുടെ വിദൂരസ്ഥലങ്ങളിലുള്ള താമസക്കാർക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ജോലി ദിവസങ്ങളിൽ, ഗതാഗത സൗകര്യമൊരുക്കി ദോഹയിൽ വന്ന് വിവിധ എംബസി സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി ദിവസമായ വെള്ളിയാഴ്ച ഇത്തരം ക്യാമ്പുകൾ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ക്യാമ്പ് സന്ദർശിച്ചു. മിക്കവരും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന അവധി ദിവസത്തിൽ, ഇത്തരം സാമൂഹിക സേവനത്തിന് തയാറായ ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും, സ്റ്റാഫംഗങ്ങളുടെയും, വളന്റിയർമാരുടെയും അർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. ക്യാമ്പിനായി ഓഫിസ് സൗകര്യം അനുവദിച്ച ഗൾഫാർ പ്രോജക്ട് മാനേജർ കെ.പി. സലാഹുദ്ദീന് അദ്ദേഹം നന്ദി അറിയിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സറീന അഹദ്, ശങ്കർ ഗൗഡ്, കുൽവീന്ദർ സിങ് എന്നിവരോടൊപ്പം ദുഖാൻ ഏരിയയിൽ നിന്നും സമീർ മൂസ, ഡോ. ജഗദീഷ് ചന്ദ്ര ശർമ തുടങ്ങിയവരും വിവിധ സംഘടനകളിൽ നിന്നുള്ള വളന്റിയേഴ്സും നേതൃത്വം നൽകി. കഴിഞ്ഞ ആഴ്ച അൽഖോർ കോൺസുലർ ക്യാമ്പിലെ അപേക്ഷകർക്ക് പാസ്പോർട്ടുകൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഹമീദ് റാസ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്ക് എംബസി അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായ അടുത്ത ക്യാമ്പ് എട്ടാം തീയതി ഏഷ്യൻ ടൗണിൽ നടക്കുമെന്ന് ഐ. സി. ബി. എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

