ഐ.സി.ബി.എഫ് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ്
text_fieldsഐ.സി.ബി.എഫ് സംഘടിപ്പിച്ച രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ നാലാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 105ലധികം സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്ലെറ്റ് ദാനം ചെയ്തു. പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയും കൂടുതൽ പേരെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ബിഎഫ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, പ്രധാന ശസ്ത്രക്രിയകൾ, രക്തസംബന്ധമായ രോഗങ്ങൾ, അപകടങ്ങളെത്തുടർന്നുള്ള ഗുരുതര പരിക്കുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പ്ലേറ്റ്ലെറ്റുകൾ അത്യന്താപേക്ഷിതമാണ്.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് ആരംഭിച്ചതിന്റെ പശ്ചാത്തലവും ഇത്തരം പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ഐ.സി.ബി.എഫിന്റെ സേവന പ്രവർത്തനങ്ങളെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡാലെ അഭിനന്ദിച്ചു.
രക്തദാന പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹം നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്കും സജീവ പങ്കാളിത്തത്തിനും വിശിഷ്ടാതിഥിയും ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ മേധാവിയുമായ ഡോ. സലൂവ എം. ഹ്മിസി നന്ദി അറിയിച്ചു. ഡോ. സലൂവ എം. ഹ്മിസി, ഖത്തർ ബ്ലഡ് ഡൊണേഷൻ സെന്റർ ഓപറേഷൻസ് ഇൻ-ചാർജ് മനാൽ ഇസ്മായിൽ അൽ അഹമ്മദും ചേർന്ന് ഐ.സി.ബി.എഫിന് മെമന്റോയും അഭിനന്ദന സർട്ടിഫിക്കറ്റും കൈമാറി.
ഔദ്യോഗിക ചടങ്ങിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നേതൃത്വം നൽകി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതേന്ദു പൽ, വിവിധ അപെക്സ് സംഘടനകളുടെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഐ.സി.ബി.എഫുമായി സഹകരിക്കുന്ന വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് ഹെഡ് ഓഫ് മെഡിക്കൽ വിങ് മിനി സിബി നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പരിപാടിയുടെ ഏകോപനം നിർവഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ അൻസാരി, മണി ഭാരതി, നീലാംബരി, അമർ വീർ സിങ്, ശങ്കർ ഗൗഡ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

