ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ്
text_fieldsഐ.സി.ബി.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) തുടർച്ചയായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്.എം.സി) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഈശ് സിങ്ങാൾ സന്നിഹിതനായിരുന്നു.
മേഖലയിലെ പ്രതിസന്ധിക്കിടയിലും മഹത്തായ പ്രവർത്തനത്തിനായി മുന്നോട്ടുവന്ന ഐ.സി.ബി.എഫ് ടീം, ഹമദ് മെഡിക്കൽ കോർപറേഷൻ, കമ്മ്യൂണിറ്റി സന്നദ്ധ പ്രവർത്തകർ, രക്തദാനികൾ എന്നിവരെ അംബാസഡർ അഭിനന്ദിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 230ൽ അധികം സന്നദ്ധ പ്രവർത്തകർ രക്തദാനം നടത്തി. രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് അംബാസഡറും ഐ.സി.ബി.എഫ് ഭാരവാഹികളും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെൽത്ത് വിങ് ഇൻചാർജ് മിനി സിബി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, എസ്. നീലാംബരി, അമർ വീർ സിങ്, ഖാജ നിസാമുദ്ദീൻ, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വിലവിൽ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ജനറൽ സെക്രട്ടറി ഏബ്രഹാം ജോസഫ്, വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രതിനിധികൾ, പ്രമുഖ സമൂഹ നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

