ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന് ഐ.സി.ബി.എഫ് അംഗീകാരം
text_fieldsഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിലെ (ഐ.സി.ബി.എഫ്) അംഗ അസോസിയേഷനായി അംഗീകാരം നേടിയ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (ക്യു.ഐ.പി.എ) ഭാരവാഹികൾ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയിൽനിന്ന് അംഗീകാരപത്രം സ്വീകരിക്കുന്നു
ദോഹ: ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (ക്യു.ഐ.പി.എ) ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിലെ (ഐ.സി.ബി.എഫ്) 20ാമത്തെ അംഗ അസോസിയേഷനായി അംഗീകാരം നേടി. ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ സാമൂഹിക, സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയായ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന് ലഭിച്ച അംഗീകാരം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാണെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു. ഇന്ത്യൻ എംബസിയുടെ മാർഗനിർദേശത്തോടെയും സഹകരണത്തോടെയും പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.
ഐ.സി.ബി.എഫിന്റെ അംഗത്വം ലഭിച്ചതോടെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ ക്ഷേമ പദ്ധതികളിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാൻ സാധിക്കുമെന്നും, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ അംഗീകാരം നിർണായകമാകുമെന്നും നേതൃത്വം അറിയിച്ചു.
ഈ അംഗീകാരത്തിന് ഇന്ത്യൻ എംബസിയോടും ഐ.സി.ബി.എഫ് നേതൃത്വത്തോടും ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
ഐ.സി.ബി.എഫ് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവയിൽ നിന്ന് അംഗീകാര പത്രം ക്യു.ഐ.പി.എ ഭാരവാഹികൾ സ്വീകരിച്ചു. പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ അധ്യക്ഷതവഹിച്ചു.
ഗിരീഷ് കുമാർ ആമുഖപ്രസംഗം നടത്തി. റഷീദ് അഹ്മദ് (ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ്), ദീപക് ഷെട്ടി (ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി), ജാഫർ തയ്യിൽ (ഐ.സി.ബി.എഫ് സെക്രട്ടറി), ബോബൻ വർക്കി (ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറി), ക്യു.ഐ.പി.എ രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവർ ആശംസ അറിയിച്ചു.
ക്യു.ഐ.പി.എ ട്രഷറർ സൈമൺ വർഗീസ് സ്വാഗതവും ജനറൽ സെക്രട്ടറി നിഷാദ് ഹസൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

