ഐ.സി.എ.ഐ ദോഹ ചാപ്റ്റർ വാർഷിക സമ്മേളനം
text_fieldsഐ.സി.എ.ഐ ദോഹ ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തവർ
ദോഹ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ദോഹ ചാപ്റ്റർ 11ാമത് വാർഷിക സമ്മേളനം പുൾമാൻ വെസ്റ്റ് ബേയിൽ വിജയകരമായി സമാപിച്ചു. ‘ഇൻവെസ്റ്റ്മെന്റ്, ഇൻഫ്ലുവൻസ്, ഇൻസ്പെയർ -ഒരുമിച്ച് ഭാവിയെ രൂപപ്പെടുത്താം’ എന്ന പ്രമേയത്തിൽ നടന്ന ദ്വിദിന പരിപാടിയിൽ ഖത്തർ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള സാമ്പത്തിക വിദഗ്ധർ, സംരംഭകർ എന്നിവർ പങ്കെടുത്തു.
1981ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വിദേശ ചാപ്റ്ററായി സ്ഥാപിതമായ ഐ.സി.എ.ഐ ദോഹ ചാപ്റ്റർ ഇന്ന് ഖത്തറിലെ പ്രധാന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 400ലധികം ധനകാര്യ പ്രഫഷനലുകളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ്. ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി പഠനം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തറിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് സംഭാവന നൽകുന്നതിലും ഐ.സി.എ.ഐ പ്രധാന പങ്ക് വഹിക്കുന്നു.
ഐ.സി.എ.ഐ ദോഹ ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ നടി മമ്ത മോഹൻദാസ്
സംസാരിക്കുന്നു
ഇന്ത്യൻ അംബാസഡർ വിപുൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ -ഖത്തർ ബിസിനസ് സംരംഭകർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഐ.സി.എ.ഐ ദോഹ ചാപ്റ്റർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.സി.എ.ഐ പ്രസിഡന്റ് സി.എ. ചരൺജോത് സിങ് നന്ദ, ഐ.സി.എ.ഐ ദോഹ ചാപ്റ്റർ ചെയർപേഴ്സൻ സി.എ. കിഷോർ അലക്സ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിവസം ഇൻവെസ്റ്റ്മെന്റ്, ലീഡർഷിപ്, സാമ്പത്തിക ക്ഷേമം എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. മാനേജിങ് പാർട്ട്ണർ വരുൺ ഗിരിലാൽ (സ്ക്രിപ്ബോക്സ്) ‘മൈൻഡ്ഫുൾ ഇൻവെസ്റ്റിങ്: സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി’ എന്ന വിഷയത്തിൽ നിക്ഷേപ രീതിയുടെ പ്രാധാന്യം വിവരിക്കുന്ന സെഷൻ അവതരിപ്പിച്ചു. ഫ്രാക്ചൽ അനലിറ്റിക്സിലെ ചീഫ് ഇവാഞ്ചലിസ്റ്റ് ബിജു ഡൊമിനിക് ‘ബിയോണ്ട് നമ്പേഴ്സ്: ദി ആർട്ട് ഓഫ് ഇൻഫ്ലുവൻസ്', ടോട്ടൽ എൻവയോൺമെന്റിലെ വൈസ് പ്രസിഡന്റ് ഇഷ കോട്വാൾ 'ഭാവിക്ക് വേണ്ടി ആരോഗ്യകരമായ ഇടങ്ങൾ നിർമിക്കൽ' എന്ന സെഷനുകൾ അവതരിപ്പിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ 'ഇൻസോമ്നിയ' സ്റ്റേജ് പെർഫോമൻസും നടന്നു.
രണ്ടാം ദിവസം സംരംഭകനായ സി.എ. ജയ് ചൈര സ്വയം കണ്ടെത്തലിനെയും നേതൃത്വത്തെയും കുറിച്ച് സംസാരിച്ചു.'പുതിയ ഇന്ത്യ: നിർഭയവും ശക്തവും' എന്ന സെഷൻ അവതരിപ്പിച്ച സി.എൻ.ബി.സി ആവാസ് മാനേജിങ് എഡിറ്റർ അനുജ് സിംഗാൾ, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്തെ വിവരിച്ചു.
സാമ്പത്തിക വിദ്യാഭ്യാസ വിദഗ്ധയായ സി.എ. രചന റാണ്ഡെ, ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക് എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത നടിയും നിർമാതാവുമായ മമ്ത മോഹൻദാസ് തിരിച്ചുവരവിന്റെയും ലക്ഷ്യബോധത്തിന്റെയും അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചത് സദസ്സിന് പ്രചോദനമായി.
നാസ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സി.എ. ഹേമന്ത് ജോഷി, റഫേൽ ടിബീരിയോ, ഫിൻജാൻ വി.സി ജനറൽ പാർട്ണർ അബ്ദുല്ല അൽ ഖിൻജി എന്നിവരും വിവിധ സെഷനുകളിൽ സംസാരിച്ചു. ഐ.സി.എ.ഐ ദോഹ ചാപ്റ്റർ ചെയർപേഴ്സൻ സി.എ. കിഷോർ അലക്സ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

