‘ബോസസ് ഡേ ഔട്ടി’ന് പിന്തുണയുമായി ഐ.ബി.പി.സി
text_fields‘ബോസസ് ഡേ ഔട്ട്’ സഹകരണം സംബന്ധിച്ച് ഐ.ബി.പി.സിയും ‘ഗൾഫ് മാധ്യമ’വും ധരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: വിജയവഴികൾ തേടുന്ന നായകർക്ക് വിജയമന്ത്രങ്ങളുമായി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ബോസസ് ഡേ ഔട്ടുമായി കൈകോർത്ത് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.ബി.പി.സിയും. പ്രവാസി ഇന്ത്യക്കാരായ ബിസിനസുകാരുടെയും പ്രഫഷനലുകളുടെയും ഔദ്യോഗിക കൂട്ടായ്മയാണ് ഐ.ബി.പി.സി. ഖത്തറിലെയും ജി.സി.സിയിലെയും മുൻനിര കമ്പനികളായി വളർന്ന ബിസിനസ് സ്ഥാപനങ്ങളുടെ നായകർ മുതൽ, ഉന്നത തൊഴിൽ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യങ്ങളായ പ്രഫഷനലുകളുമെല്ലാം ഉൾക്കൊള്ളുന്ന സംവിധാനമെന്ന നിലയിൽ ഖത്തറിലെ വ്യാപാര മേഖലയിൽ കൈയൊപ്പുചാർത്തിയ ഐ.ബി.പി.സിയുടെ പങ്കാളിത്തം ‘ബോസസ് ഡേ ഔട്ടി’ന്റെ സംഘാടനത്തിൽ നിർണായകമാകും. ജൂൺ ഒന്ന് ശനിയാഴ്ച ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയിൽ നടക്കുന്ന ‘ബോസസ് ഡേ ഔട്ടിൽ’ സജീവ സാന്നിധ്യമാകുന്നത് സംബന്ധിച്ച് ഐ.ബി.പി.സിയും ഗൾഫ് മാധ്യമവും തമ്മിൽ ധാരാണപത്രത്തിൽ ഒപ്പുവെച്ചു.
ദേശീയ അവാർഡ് ജേതാവായ ചലച്ചിത്രതാരവും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻറർ, ബ്രാൻഡ് ട്രെയിനർ എന്ന നിലയിൽ ലോേകാത്തര കമ്പനികളുടെ പരിശീലകനായി മാറിയ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ ആയ സാനിധ്യ തുൾസിനന്ദൻ എന്നിവർ ഒന്നിക്കുന്ന ‘ബോസസ് ഡേ ഔട്ട്’ ഖത്തറിലെ ബിസിനസ്-മാനേജ്മെന്റ് മേഖലകളിലെ പ്രഫഷനലുകൾക്ക് പുതുവഴികാട്ടിയായാണ് അവതരിപ്പിക്കുന്നത്. ദോഹയിലെ ഐ.ബി.പി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ബോർഡ് ഓഫ് ഗവേണേഴ്സ് അംഗങ്ങളായ നിഷാദ് അസീം, താഹ മുഹമ്മദ് അബ്ദുൽ കരീം, പ്രഫഷനൽ അഫയേഴ്സ് വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു. ‘ബോസസ് ഡേ ഔട്ടിൽ’ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഉന്നത വ്യക്തികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ഐ.ബി.പി.സി സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

