ആദരവോടെ എന്നും ഓർക്കും
text_fieldsഏറ്റവും ആദരണീയനായ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗ വാർത്ത വളരെ ദുംഖമുണ്ടാക്കുന്നു. ഹ്യദയംഗമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഖത്തർ അമീറിന്റേയും ഖത്തറിലെ ജനങ്ങളുടേയും ദുംഖത്തിൽ പങ്കുചേരുന്നു.
1986 നവംബറിൽ ദോഹയിൽ എത്തിയ കാലം മുതൽ കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. അന്നദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഞാൻ ഖത്തർ ആർമിയിൽ ജോലിചെയ്തിരുന്നത് കൊണ്ട് തന്നെ ഈ പേരിനോടും ശൈഖിനോടും അകമഴിഞ്ഞ ബഹുമാനവും സ്‌നേഹവും മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം അമീർ ആയി. ഖത്തറിന്റെ വികസന പാതയിൽ അദ്ദേഹത്തിന്റെ നാമധേയം തങ്കലിപികളിൽ രേഖപ്പെടുത്തുന്നത് ദോഹയിൽ വസിക്കുന്ന ഓരോ മനുഷ്യരും സാക്ഷ്യപ്പെടുത്തുന്നു. 2006ലെ ഏഷ്യൻ ഗയിംസ് നടത്തിപ്പ് ന്റെ വിജയം ഞങ്ങളൊക്കെ നേരിട്ട് അനുഭവിച്ചു.
ഉദ്ഘാടനചടങ്ങിന്റെ അനൗൺസ്മെന്റ് ആത്യന്തികം ആകർഷകമായിരുന്നു. ഞങ്ങൾ മാധ്യമ പ്രവർത്തകർ ഇരുന്ന ഗാലറിക്ക് തൊട്ടടുത്ത വി.വി.ഐ.പി ഗാലറിയിൽ ആയിരുന്നു അമീർ കുടുംബസമേതം ഇരുന്നത്. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി കുതിരപ്പുറത്ത് കയറി ഏഷ്യൻ ഗയിംസിന്റെ ദീപം തെളിയിക്കുന്നത് ഏറ്റവും ആകർഷണീയമായ കാഴ്ചയായിരുന്നെങ്കിലും അപ്പുറത്തെ ഗാലറിയിലിരുന്ന് ശൈഖ് ഹമദ് അത് ആസ്വദിക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.
പ്രഗത്ഭനും കീർത്തിമാനുമായ ഒരു ഭരണാധികാരിക്ക് സ്വന്തം ജനതക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു അത്. മഴ പെയ്ത് നനഞ്ഞ ലോഞ്ചിലൂടെ സ്വന്തം മകൻ കുതിരപ്പുറത്ത് 150 മീറ്റർ ഉയരത്തിലേക്ക് കുതിച്ചു. അതൊരു ഉറച്ച പ്രഖ്യാപനമായിരുന്നു. ആ അനൗൺസ്‌മെന്റ് ഇന്നും മനസ്സിലുണ്ട്. ചെവിയിൽ അതിന്റെ പ്രതിധ്വനിയുണ്ട്. ശൈഖിന്റെ ആത്മാഭിമാനമുള്ള ചിരി ഇന്നും എന്റെ കണ്ണിലുണ്ട്.
2022ലെ ഫിഫ ലോക കപ്പിന്റെ ആരവവും ഇന്നും ഞാൻ ആസ്വദിക്കുന്നു. ഫിഫ ലോക കപ്പ് കാണുന്ന ദിവസങ്ങളിൽ ഒരു ദിവസം ഞങ്ങൾ ഇരുന്നതിന്റെ പിന്നിലായി വി.വി.ഐ.പി ഗാലറിയിൽ ശൈഖ് ഹമദ് ഇരിക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അദ്ദേഹം ഫുട്‌ബാൾ ആസ്വദിക്കുന്നതും. 2010ൽ ഫിഫ വേൾഡ്കപ്പിന് ബിഡ് ചെയ്ത് ഫിഫയെ ഖത്തറിലേക്ക് കൊണ്ടുവന്നതിൽ, ഞങ്ങൾക്കൊക്കെ ലോകകപ്പ് നേരിൽ കാണാനുള്ള അവസരമൊരുക്കിയതിനും ഫാദർ അമീറിനോട് നന്ദി പറയുന്നു.
ഖത്തറിന്റെ വളർച്ചയും അഭിമാനവും വാനോളം ഉയർത്തിയ, ഞങ്ങൾക്കൊക്കെ സമാധാനപൂർവം ഖത്തറിന്റെ മണ്ണിൽ ജീവിക്കാൻ അവസരമൊരുക്കിയ മഹാനായ ഖത്തറിന്റെ മുൻ അമീർ, ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പ്രാർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

