റോഡിൽ മാലിന്യം തള്ളിയാലും തുപ്പിയാലും 500 റിയാൽ പിഴ
text_fieldsദോഹ: രാജ്യത്തെ പൊതുശുചിത്വം ഉറപ്പാക്കുന്നതിനുള്ള പരിഷ്കരിച്ച നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പൊതുശുചിത്വം ഉറപ്പാക്കുന്ന 2018ലെ 18ാം നമ്പർ നിയമപ്രകാരം പൊതുസ്ഥലങ്ങൾ, നഗര ചത്വരങ്ങൾ, റോഡുകൾ, പാതയോരം, നിരത്തുകൾ, പൊതുപാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കടൽ, തുറസ്സായ സ്ഥലങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും ചപ്പുചവറുകൾ വലിച്ചെറിയുന്നതും കർശനമായി വിലക്കുന്നു. പാർക്കിംഗ് ലോട്ടുകളിലും മേൽക്കൂരകളിലും ബാൽക്കെണികൾ, ഇടനാഴികൾ, മതിലുകൾ, പൊതുവായതും സ്വകാര്യമായതുമായ കെട്ടിടങ്ങളുടെയും വീടുകളുടെയും മുൻവശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നിയമം കർശനമായി നിരോധിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂത്രമൊഴിക്കുക, തുപ്പുക തുടങ്ങിയവയും പൊതുനിയമത്തിെൻറ പരിധിയിൽ പെടുന്നു. പൊതുസ്ഥലങ്ങളിൽ ടിഷ്യൂപേപ്പറുകൾ വലിച്ചെറിയുക, അവശിഷ്ടങ്ങളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ തള്ളുക, തുപ്പുക എന്നിവ നിയമപ്രകാരം കുറ്റകരവും 500 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതുമാണ്.
വീട്ടുടമസ്ഥരും അതിലെ താമസക്കാരും തങ്ങളുടെ കെട്ടിടങ്ങളും പരിസരങ്ങളും പാർക്കിംഗ് സ്ഥലങ്ങളും മറ്റും മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്തണമെന്ന് നിയമം നിർദ്ദേശിക്കുന്നുണ്ട്. നഗരചത്വരങ്ങൾ, പാതയോരങ്ങൾ, പൊതുപാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കൈയേറി വാഹനങ്ങൾ ഉപേക്ഷിക്കുന്നതും മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ മെഷീനുകളും വലിയ ഉപകരണങ്ങളും നിർത്തിയിടുന്നതും നിയമം നിരോധിക്കുന്നുണ്ട്.
വീടുകളുടെ മുന്നിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും ഭക്ഷണാവശിഷ്ടം തള്ളുന്നതും ട്രാഷ് ബാഗുകൾ വലിച്ചെറിയുന്നതും നിയമവിരുദ്ധവും 300 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതുമാണ്. ഇതോടൊപ്പം, വസ്ത്രങ്ങളും കാർപ്പറ്റുകളും റോഡിലേക്ക് മുഖമായി നിൽക്കുന്ന ജാലകങ്ങളിലും മതിലുകളിലും ബാൽക്കെണികളിലും ഉണക്കാനിടുന്നത് 500 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണെന്നും നിമയം വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങളും പക്ഷികളും പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്നതും നിയമവിരുദ്ധമാണെന്ന് 2017/18 നിയമത്തിൽ പറയുന്നു.
പൊതുസ്ഥലങ്ങളിലേക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് പോകുന്നത് വിലക്കുന്ന നിയമത്തിൽ അവ ജീവിക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും അനുശാസിക്കുന്നുണ്ട്. പൊതുശുചിത്വം ഉറപ്പാക്കുന്ന ഉത്തരവാദിത്തം മുനിസിപ്പാലിറ്റികൾക്കാണ് നൽകിയിരിക്കുന്നത്. 2016ൽ മന്ത്രിസഭ പാസാക്കിയ നിയമത്തിന് ഈ വർഷം മേയിലാണ് ശൂറാ കൗൺസിൽ അംഗീകാരം നൽകിയത്. നിയമത്തിന് അമീർ അംഗീകാരം നൽകിയതോടെ പൊതുഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
