ലൗഹ് വ ഖലം;ഓർമകളെ അനശ്വരമാക്കി എം.എഫ്. ഹുസൈൻ മ്യൂസിയം
text_fieldsലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ സന്ദർശിക്കുന്നു
ദോഹ: പ്രശസ്ത ആധുനിക ചിത്രകാരനായിരുന്ന എം.എഫ്. ഹുസൈന്റെ ഓർമകളെ അനശ്വരമാക്കി ലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു. ഖത്തർ ഫൗണ്ടേഷന്റെ സംരക്ഷണയിലുള്ള എം.എഫ്. ഹുസൈന്റെ യഥാർഥ സൃഷ്ടികളും മറ്റു വ്യക്തിപരമായ വസ്തുക്കളുമാണ് മ്യൂസിയത്തിലുള്ളത്. മഖ്ബൂൽ ഫിദ ഹുസൈൻ ഒരു ഇതിഹാസ കലാകാരനാണെന്നും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അതിർവരമ്പുകൾ കടന്ന് സംസ്കാരങ്ങളെയും ചരിത്രത്തെയും ഐഡന്റിറ്റികളെയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണെന്നും ശൈഖ മൗസ ബിൻത് നാസർ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് ഖത്തർ ഫൗണ്ടേഷൻ എജുക്കേഷൻ സിറ്റിയിൽ ആണ് മ്യൂസിയം പ്രവർത്തിക്കുക. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, മന്ത്രിമാർ, ലോകമെമ്പാടുമുള്ള കലാകാരന്മാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സർഗാത്മകതയെ പ്രചോദിപ്പിക്കുകയും സാംസ്കാരിക സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഠനത്തിനും കണ്ടെത്തലിനുമുള്ള ഇടമാണ് ലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം.
പെയിന്റിങ്ങുകൾ, സിനിമകൾ, ഫോട്ടോഗ്രഫി എന്നിവയിലൂടെ സന്ദർശകരെ എം.എഫ് ഹുസൈന്റെ ലോകത്തേക്ക് ക്ഷണിക്കുന്ന മ്യൂസിയം, അദ്ദേഹത്തിന്റെ കലാപരമായ യാത്ര എങ്ങനെ വികസിച്ചു എന്ന് വ്യക്തമാക്കുന്നു. ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്ത ചില സൃഷ്ടികളും മ്യൂസിയത്തിലുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യക്തിപരമായ വസ്തുക്കൾ, അഭിമുഖങ്ങൾ, ഉദ്ധരണികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
2011ൽ മരിക്കുന്നതിന് മുമ്പ് ഹുസൈൻ പൂർത്തിയാക്കിയ അറബ് നാഗരികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 35 ചിത്രങ്ങളിൽ പലതും മ്യൂസിയത്തിലെ പ്രദർശനത്തിലുണ്ട്. മാനവികതയെ വാഴ്ത്തുന്ന, അദ്ദേഹത്തിന്റെ അവസാനത്തെ മാസ്റ്റർപീസ് ആയ സീറൂ ഫിൽ അർദ് മ്യൂസിയത്തിൽ സന്ദർശകർക്ക് കാണാം.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 7.30 വരെയും ആണ് പ്രവർത്തന സമയം. തിങ്കളാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മ്യൂസിയം അടച്ചിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

