മാനുഷിക സഹായം രാഷ്ട്രീയ ആയുധമാക്കുന്നു -ഖത്തർ പ്രധാനമന്ത്രി
text_fieldsതുർക്കിയയിലെ അന്റാലിയയിൽ നടന്ന ഗസ്സ സമാധാന യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ദോഹ: ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളെ ഇസ്രായേൽ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് വ്യക്തമാക്കി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി.
ഗസ്സയിലെ ആക്രമണം പൂർണമായും അവസാനിപ്പിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്ത അന്റാലിയ മന്ത്രിതല യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ഖത്തർ പ്രധാനമന്ത്രി ഇസ്രായേലിന്റെ ചെയ്തികൾക്കെതിരെ തുറന്നടിച്ചത്. ഗസ്സ ജനതയെ ഒന്നടങ്കം ശിക്ഷിക്കാനുള്ള മാര്‍ഗമായി മാനുഷിക സഹായങ്ങള്‍ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെയാണ് അറബ് ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിമാരും പ്രശ്നപരിഹാരം ആഗ്രഹിക്കുന്ന ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും പങ്കെടുത്ത മന്ത്രിതല യോഗത്തിന് തുർക്കിയ വേദിയായത്. നോര്‍വെ, സ്പെയിന്, സ്ലൊവീനിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യോഗം നിർദേശിച്ചു. 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറൂസലം ആസ്ഥാനമായി ഫലസ്തീന് രാജ്യം നിലവില്‍ വരണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽ ഥാനി യോഗത്തില്‍ ആവശ്യപ്പെട്ടു. മാനുഷിക സഹായങ്ങളെ ഇസ്രായേല്‍ രാഷ്ട്രീയ ആയുധമാക്കി ഗസ്സക്കാരെ ദുരിതത്തിലാക്കുന്ന നയത്തെ അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

