മനുഷ്യവിഭവശേഷി ഉറവ വറ്റാത്ത അമൂല്യ സമ്പത്ത് -നജീബ് കാന്തപുരം
text_fieldsഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 20ാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടിയിൽ പങ്കെടുത്ത നജീബ് കാന്തപുരം എം.എൽ.എക്ക് ഉപഹാരം നൽകുന്നു
ദോഹ: നവ സാങ്കേതിക വിദ്യ എത്ര പുരോഗതിപ്രാപിച്ചാലും മനുഷ്യ വിഭവ ശേഷിയുടെ മൂല്യം കുറയുന്നില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജന്റെ 20ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിപ്ലവവും വ്യാവസായിക വിപ്ലവവും കമ്പ്യൂട്ടർ വിപ്ലവവും നടന്നിട്ടും മനുഷ്യവിഭവശേഷിക്ക് ഏൽക്കാത്ത മൂല്യച്യുതി ആധുനിക കാലത്തെ എ.ഐ വിപ്ലവത്തിൽ സംഭവിക്കുകയില്ല.
സഹാനുഭൂതി, മനുഷ്യത്വം, സഹതാപം തുടങ്ങി മാനുഷിക വൈകാരിക ഭാവങ്ങൾ പ്രകടിപ്പിക്കാൻ മനുഷ്യവിഭവം തന്നെ ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നാൽ മനുഷ്യരുടെ ജോലി അവസരം നഷ്ടപ്പെടുകയില്ല, മറിച്ച് വിദ്യാസമ്പന്നരായ ആളുകൾക്കുള്ള അവസരങ്ങൾ വർധിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ലോകത്തെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും മുന്നിട്ടിറങ്ങി അവ സ്വായത്തമാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തർ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സി.ഇ.ഒ പി.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി, ഫോക്കസ് ഇന്റർനാഷനൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത്, സി.ഒ.ഒ അമീർ ഷാജി, ഡെപ്യൂട്ടി സി.ഇ.ഒ സഫീറുസലാം, സി.എഫ്.ഒ ഫാഇസ് എളയോടൻ, ഡോ. റസീൽ മൊയ്തീൻ, ആശിഖ് ബേപ്പൂർ എന്നിവർ സംസാരിച്ചു. മൊയ്ദീൻ ഷാ, ഹാഫിസ് ഷബീർ, റഷീഖ് ബക്കർ, എ.എസ്. അമീനുർറഹ്മാൻ, ഫഹ്സിർ റഹ്മാൻ, സിജില കെ. സൈദു, സുആദ ഇസ്മാഈൽ അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

