സ്മാർട്ടായി ഹുകൂമി! പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി
text_fieldsദോഹ: ഖത്തർ സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പോർട്ടലായ ഹുകൂമിയുടെ പരിഷ്‍കരിച്ച പതിപ്പ് വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ കാണാനും, സർക്കാർ ഇടപാടുകൾ ട്രാക്ക് ചെയ്യാനും, രേഖകൾ സൂക്ഷിക്കാനും, ബോട്ടുകൾ, ഫാൽക്കനുകൾ തുടങ്ങിയ രജിസ്റ്റർ ചെയ്ത ആസ്തികൾ നിയന്ത്രിക്കാനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. വിർച്വൽ അസിസ്റ്റന്റ്, അഡ്വാൻസ്ഡ് സെർച്ച് ഫീച്ചർ, വിവിധ ഡിസ്‍പ്ലേ ഓപ്ഷനുകൾ എന്നിവ ആകർഷകമാണ്. ലോഗിൻ വഴി വ്യക്തിഗത പ്രൊഫൈൽ, സർക്കാർ ഇടപാടുകൾ എന്നിവ ട്രാക്ക് ചെയ്യാം. ഒന്നിലധികം ഭാഷകൾ ലഭ്യമാണ്. 24 മണിക്കൂറും സഹായം അഭ്യർഥിക്കാം. ‘ലൈഫ് മൊമെന്റ്സ് (ജീവിത മുഹൂർത്തങ്ങൾ)’ എന്ന നൂതന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഹുക്കൂമിയുടെ പരിഷ്കരിച്ച പതിപ്പ് തയാറാക്കിയത്.
ആളുകൾക്ക് അവരുടെ ആവശ്യങ്ങളും താൽപര്യങ്ങളുമായി കൂടുതൽ ഇണങ്ങുന്ന തരത്തിൽ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. വിവാഹം, ശൈത്യകാല ക്യാമ്പിങ്,ഫാൽക്കൺ ഉടമസ്ഥത, ബോട്ട് ഉടമസ്ഥത, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ കൈപ്പറ്റൽ, വിരമിക്കൽ മാനേജ്‌മെന്റ് എന്നിവയാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയത്. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഡിസ്‍പ്ലേ ആണ് ഹുകൂമിയുടേത്.
ബിൻ ഘാനം ദ്വീപിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പർപ്പിൾ ഷേഡുകൾ, ഖത്തർ ദേശീയ പതാകയെ സൂചിപ്പിക്കുന്ന മെറൂൺ നിറം, ഖത്തർ മരുഭൂമിയിലെ മണൽത്തരികളുടെ നിറങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് കളർ പാലറ്റ്. hukoomi.gov.qa എന്ന വെബ്‌സൈറ്റ് വഴി പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്. 'തൗതീഖ്' ദേശീയ ഓതന്റിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

