സൗദിയിൽ ഹൂതികളുടെ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ഡ്രോൺ -ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഖമീസ് മുശൈത്ത്, അബഹ, തായിഫ് തുടങ്ങിയ നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിശദമാക്കി. സൗദിയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി രാജ്യങ്ങളുടെയും കൂട്ടായ സുരക്ഷയുടെ ഭാഗമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

