ദോഹ: വനിതാ ആശുപത്രിയിലെ മുഴുവൻ ഔട്ട്പേഷ്യൻറ് വകുപ്പുകളും സേവനങ്ങളും ഈ ആഴ്ചയോടെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള പുതിയ വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററി(ഡബ്ല്യു.ഡബ്ല്യൂ.ആർ.സി)ലേക്ക് മാറുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസവസംബന്ധിയായി സൂക്ഷ്മമായ പരിശോധനകൾക്കുള്ള പുതിയ ആൻറിനേറ്റൽ ഡേ അസസ്മെൻറ് യൂണിറ്റും അടുത്ത ആഴ്ച മുതൽ ഡബ്ല്യു.ഡബ്ല്യു.ആർ.സിയിലായിരിക്കും പ്രവർത്തിക്കുക. യൂറോ ഗൈനക്കോളജി, ഗൈനക്കോളജി–ഓങ്കോളജി, ഹോർമോൺ റീപ്ലേസ്മെൻറ് തെറാപ്പി, ന്യൂബോൺ സ്ക്രീനിങ്, വെൽബേബി ക്ലിനിക് എന്നിവയും ഫ്ലിബോട്ടമി, ഫാർമസി തുടങ്ങിയ സപ്പോർട്ടിംഗ് സർവീസുകളും ഡബ്ല്യു.ഡബ്ല്യു.ആർ.സിയിലേക്ക് മാറ്റുന്നവയിൽ ഉൾപ്പെടുന്നു.
ഈ ആഴ്ച മുതൽ ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി ഔട്ട്പേഷ്യൻറ് സേവനങ്ങൾക്കായി വനിതാ ആശുപത്രിയിലേക്ക് റഫർ ചെയ്തവർ നിർബന്ധമായും ഡബ്ല്യു.ഡബ്ല്യു.ആർ.സിയാണ് സന്ദർശിക്കേണ്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡബ്ല്യു.ഡബ്ല്യു.ആർ.സിയിൽ വനിതകൾക്കാവശ്യമായ കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും വിശാലതയും നൽകുന്നുണ്ട്. പ്രത്യേക പരിചരണം ആവശ്യമായി വരുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണെന്നും ഡയറക്ടർ ഡോ. ഹിലാൽ അൽ രിഫാഇ പറഞ്ഞു.
വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരാണ് ഡബ്ല്യു.ഡബ്ല്യു.ആർ.സിയിലുള്ളത്. അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രമേഹ രോഗ ചികിത്സക്കായുള്ള വിപൂലീകരിച്ച ക്ലിനിക്കും സജ്ജമാണ്. ഗർഭാവസ്ഥയിൽ വളരെ സങ്കീർണ്ണമായ സാഹചര്യങ്ങളിലുള്ളവരെ പരിശോധിക്കുന്നതിനും പരിചരണം നൽകുന്നതിനുമുള്ള ഫെറ്റോമെറ്റേണൽ മെഡിസിൻ യൂണിറ്റും സജ്ജമാണെന്നും ഡോ. രിഫാഇ പറഞ്ഞു.