ഗീത ടീച്ചറുടെ വേർപാട്; ഓർമകൾ പങ്കുവെച്ച് പ്രവാസികൾ
text_fieldsഹോപ്പ് ഖത്തർ സംഘടിപ്പിച്ച ഗീത ഷോജി അനുസ്മരണ പരിപാടിയിൽനിന്ന്
ദോഹ: ഗീത ടീച്ചറുടെ വേർപാടിൽ വിദ്യാർഥികളും സഹപ്രവർത്തകരും ഓർമകൾ പങ്കുവെച്ചു. ഹോപ്പ് ഖത്തർ അധ്യാപികയും ഭിന്നശേഷി വിദ്യാർഥികളുടെ പ്രിയ ടീച്ചറമ്മയുമായ അന്തരിച്ച മുതിർന്ന സ്പെഷൽ എജുക്കേറ്റർ ഗീത ഷോജി ഐസാക്കിനായി അനുസ്മരണ ചടങ്ങ് നടത്തി. ജൂൺ 21ന് കെനിയയിൽ ഉണ്ടായ അപകടത്തിലാണ് ഗീത ഷോജി അടക്കം അഞ്ചുപേർ മരിച്ചത്. ദുരന്തം ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ദോഹയിലെ ഹോപ്പ് ഖത്തർ സെന്ററിൽ നടന്ന പരിപാടിയിൽ അവരുടെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു. ഗീത ടീച്ചറുടെ മാതൃകാപരമായ സേവനത്തെക്കുറിച്ച് ഹോപ്പ് ഖത്തറിന്റെ സ്ഥാപകനും ചീഫ് മെന്ററുമായ ഡോ. രാജീവ് തോമസ് അനുശോചനത്തിൽ പങ്കുവെച്ചു.
അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പൈതൃകവും മറ്റുള്ളവർക്ക് മാതൃകയാണ്. ഗീത ഷോജിക്ക് സ്മാരകമായി കാമ്പസിൽ ഒരു ബ്ലോക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ടീച്ചറുടെ ആദ്യത്തെ ഭിന്നശേഷി വിദ്യാർഥിയായ, സ്റ്റെവിൻ മാത്യുവിന്റെ അനുസ്മരണ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ടീച്ചറുടെ വിദ്യാർഥികളും ഓർമകൾ പങ്കുവെച്ചു.
വിശിഷ്ട അതിഥിയായിരുന്ന ഖത്തറിലെ ഇന്തോനേഷ്യൻ അംബാസഡർ റിദ് വാൻ ഹസ്സൻ, ടീച്ചറിന്റെ ഒരു വിദ്യാർഥിയുടെ പിതാവുമായിരുന്നു. തന്റെ മകളുടെ വളർച്ചയിലും ആത്മവിശ്വാസം വളർത്തുന്നതിലും ഗീത ടീച്ചർ വഹിച്ച നിർണായക പങ്ക് അദ്ദേഹം ഓർമിച്ചു.
സഹപ്രവർത്തകരായ ഹർബർട്ടിങ് ചെ, ഒമോളാറാ ഒലുബുന്മി ഒലുബാൻജോ, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് മണികണ്ഠൻ എ.പി., ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് എന്നിവർ സംസാരിച്ചു. ഫാ. ലിൻവിൻ സി. തോമസ്, റവ. ആനീഷ് രാജു, അസീസിയ മസ്ജിദിലെ ഇമാം നസീർ അഹമ്മദ് എന്നിവർ പ്രാർഥനകൾ അർപ്പിച്ചു. ഹോപ്പ് സെന്റർ മേധാവി അപർണ മെരുഗു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

