അവധി കഴിഞ്ഞു; സർക്കാർ ഓഫിസുകൾ ഇന്നുമുതൽ സജീവം
text_fieldsദോഹ: നീണ്ട പെരുന്നാൾ അവധിയുടെ ആഘോഷവും കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ ഖത്തർ വീണ്ടും സജീവമാകുന്നു.
വാരാന്ത്യ അവധിയും പെരുന്നാൾ അവധിയും ഉൾപ്പെടെ 11 ദിവസത്തിനു ശേഷം സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ചൊവ്വാഴ്ച പതിവുപോലെ പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകളും ആരംഭിക്കുന്നതോടെ ഓഫിസും സ്കൂളും ഒരേ ദിവസം തുറക്കുന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെയായിരുന്നു ഇത്തവണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അമിരി ദിവാൻ ഈദ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി കൂടിയായതോടെ മാർച്ച് 27ന് പ്രവൃത്തിദിനം കഴിഞ്ഞതിനു പിന്നാലെ അവധി ആരംഭിച്ചു. ഇതോടെയാണ് പെരുന്നാളിന് നീണ്ട 11 ദിവസം അവധി ലഭിച്ചത്.
ഇതോടെ പ്രവാസി മലയാളികൾ ഉൾപ്പെടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് പത്തു ദിവസത്തെ അവധിക്കായി നാട്ടിലേക്ക് മടങ്ങാനും അവസരമൊരുങ്ങിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിമാനടിക്കറ്റിന് തീക്കൊള്ള നിരക്കില്ലാത്തതിനാൽ 1500 റിയാൽ വരെ നിരക്കിൽ റിട്ടേൺ ടിക്കറ്റുമായും നാട്ടിലെത്തി പെരുന്നാൾ കൂടി തിരികെ വന്നവരും നിരവധിയാണ്.
അതേസമയം, നീണ്ട അവധിക്കാലം വിവിധ വിദേശരാജ്യങ്ങളിൽ കറങ്ങാനുള്ള അവസരമാക്കിയവരും നിരവധി. ഇത്തരക്കാർക്കായി വിവിധ ടൂർപാക്കേജുകളുമായി ട്രാവൽ ഏജൻസികളും നേരത്തെ രംഗത്തുണ്ടായിരുന്നു. സൗദി, യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ, ജോർഡൻ, തുർക്കിയ, ഉസ്ബെക്, കസാഖ്സ്താൻ, ജോർജിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളായിരുന്നു ഇത്തവണ ഏറെ പേരും യാത്രക്കായി തിരഞ്ഞെടുത്തതെന്ന് ദോഹയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
സ്വദേശികൾ ഉൾപ്പെടെയുള്ളവരും പെരുന്നാളിനെ വിദേശരാജ്യങ്ങളിലെ ട്രിപ്പിനുള്ള അവസരമാക്കി മാറ്റി. 11 ദിവസം നീണ്ട അവധിയും കഴിഞ്ഞ് എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഓഫിസുകളും സേവന കേന്ദ്രങ്ങളും വീണ്ടും സജീവമാകുന്നതിന്റെ ആശ്വാസത്തിലാണ് ബിസിനസുകാരും തൊഴിലാളികളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ.
ബാങ്കുകൾ ഉൾപ്പെടെ ഖത്തർ സെൻട്രൽ ബാങ്കിനു കീഴിലെ ധനകാര്യ സ്ഥാപനങ്ങൾ ഈദ് അവധിയും കഴിഞ്ഞ് ഏപ്രിൽ ആറ് ഞായറാഴ്ച തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. സ്കൂളുകളും ഓഫിസുകളും സജീവമാകുന്നതോടെ റോഡുകളിലും ചൊവ്വാഴ്ച മുതൽ തിരക്കേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

