ഹൃദയമാറ്റത്തിനൊരുങ്ങി എച്ച്.എം.സി
text_fieldsഹമദ് ഹാർട്ട് ഹോസ്പിറ്റൽ
ദോഹ: വൃക്ക, കരൾ, ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഖത്തറിലെ പ്രഥമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി).
ഈ വർഷം തന്നെ ഖത്തറിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള തയാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടറുമായ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
ഈ വർഷം തന്നെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ കഴിഞ്ഞവർഷത്തേക്കാൾ ഈ വർഷം മികവുപുലർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. യൂസുഫ് അൽ മസ്ലമാനി വിശദീകരിച്ചു.
വ്യക്തിയിൽനിന്ന് രോഗബാധിതമായ ഹൃദയം നീക്കംചെയ്ത് ദാതാവിൽനിന്ന് ആരോഗ്യമുള്ള ഹൃദയം തൽസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ.
അവയവദാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കിയ വർഷമായിരുന്നു 2021. ജീവിച്ചിരിക്കുന്ന 140ലധികം ദാതാക്കളാണ് സ്വയം സന്നദ്ധമായി തങ്ങളുടെ കുടുംബാംഗങ്ങൾക്കായി അവയവം ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. ഇവരിൽ മാനദണ്ഡങ്ങളെല്ലാം പാലിച്ച 31 പേർക്ക് അവയവം ദാനം ചെയ്യാൻ സാധിച്ചു. 13 പേർ കഴിഞ്ഞവർഷം മരിച്ച ദാതാക്കളായിരുന്നു -ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. അവയവമാറ്റ ശസ്ത്രക്രിയയിൽ മിഡിലീസ്റ്റിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഹമദ് മെഡിക്കൽ കോർപറേഷൻ പേരെടുത്തിട്ടുണ്ട്. അവയവം മാറ്റിവെക്കൽ രംഗത്തെ വിദഗ്ധരും പരിചയസമ്പന്നരായ സർജൻമാരും നഴ്സുമാരും സാമൂഹിക പ്രവർത്തകരും പുനരധിവാസ ജീവനക്കാരും ഡയറ്റീഷ്യൻസുമടങ്ങുന്ന വലിയ സംഘമാണ് എച്ച്.എം.സിയുടെ അവയവയമാറ്റ ശസ്ത്രക്രിയ പരിപാടിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
1986ലാണ് ഖത്തറിൽ അവയവം മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾക്ക് തുടക്കംകുറിക്കുന്നത്. ഇതിന് ശേഷം ഓരോ വർഷവും 40ഓളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിൽ നടന്നുവരുന്നത്.
ഖത്തറിന്റെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിലൂടെ വൃക്ക, കരൾ തുടങ്ങിയവയാണ് പ്രധാനമായും മാറ്റിവെച്ചിരുന്നത്. ഈയടുത്ത് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ നടന്നു. ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണായക നാഴികക്കല്ലായി ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
2019ലാണ് ഹൃദയം, ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പ്രത്യേക കർമസേന രൂപവത്കരിക്കപ്പെട്ടതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയരംഗത്ത് അന്താരാഷ്ട്രതലത്തിൽതന്നെ പ്രസിദ്ധനായ തകാഹിരോ ഒതോയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇതിൽ രാജ്യത്തെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഈയടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.