സ്ത്രീകളുടെ പരിശോധനസൗകര്യം വിപുലമാക്കി എച്ച്.എം.സി അടിയന്തരകേന്ദ്രം
text_fieldsഎച്ച്.എം.സി ട്രോമ ആൻഡ് എമർജൻസി സെന്ററിലെ പരിശോധനാമുറികൾ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ട്രോമ ആൻഡ് എമർജൻസി സെൻററിലെത്തുന്ന സ്ത്രീകളായ രോഗികൾക്കുള്ള വിപുലീകരിച്ച പരിശോധനാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കിടക്കകളുടെ ശേഷി 60 ശതമാനം വർധിപ്പിച്ചതോടൊപ്പം അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ വേഗത്തിൽ സ്ത്രീരോഗികൾക്ക് ലഭിക്കാനുള്ള സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രോമ ആൻഡ് എമർജൻസി സെൻററിലെ അസസ്മെൻറ് ഏരിയ വിപുലീകരിച്ചത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും രോഗികളുടെ സംതൃപ്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
2019ൽ തുറന്ന് പ്രവർത്തനമാരംഭിച്ചത് മുതൽ അടിയന്തര ആരോഗ്യസേവന രംഗത്ത് ഉന്നതനിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങളാണ് ട്രോമ ആൻഡ് എമർജൻസി സെൻറർ നൽകുന്നതെന്നും രോഗികളായ വനിതകളുടെ അസസ്മെൻറ് ഏരിയ വികസിപ്പിച്ചത് പ്രധാന ചുവടുവെപ്പാണെന്നും രോഗികൾക്ക് വേഗത്തിൽ പരിശോധനയും ചികിത്സയും ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും ഡോ. അൽ അൻസാരി പറഞ്ഞു.
രാജ്യത്ത് അടിയന്തര ചികിത്സാസേവനം ലഭ്യമാക്കുന്നതിൽ എച്ച്.എം.സിക്ക് കീഴിൽ ആരംഭിച്ച ട്രോമ ആൻഡ് എമർജൻസി സെൻറർ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. താഴെനിലയിൽ സീ ആൻഡ് ട്രീറ്റ് സേവനവും മറ്റു മൂന്ന് നിലകളിൽ ട്രോമ, അർജൻറ്, ക്രിട്ടിക്കൽ ചികിത്സാസേവനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ട്രോമ ആൻഡ് എമർജൻസി കേന്ദ്രത്തിൽ രോഗികൾക്കുള്ള ചികിത്സാസൗകര്യവും സേവനവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് രോഗികളായ സ്ത്രീകളുടെ അസസ്മെൻറ് ഏരിയ വിപുലീകരിച്ചതെന്ന് എമർജൻസി മെഡിസിൻ കോർപറേറ്റ് വിഭാഗം ഉപമേധാവി ഡോ. അഫ്താബ് മുഹമ്മദ് ആസാദ് പറഞ്ഞു.