സേവനസജ്ജമായി എച്ച്.എം.സി ആംബുലൻസ് സർവിസ്
text_fieldsഎച്ച്.എം.സി ആംബുലൻസ്
ദോഹ: ഈദ് അവധിക്കാലത്ത് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഫലപ്രദമായ പദ്ധതിയുമായാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആംബുലൻസ് സർവിസ് പ്രവർത്തിച്ചത്. പൊതുജനങ്ങൾ നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനാൽ നിരവധി ആംബുലൻസുകളും പാരാമെഡിക്കലുകളുമാണ് കർമനിരതരായി സേവനരംഗത്തുള്ളത്.
ഈദ് അവധിയുടെ ആദ്യ നാല് ദിവസങ്ങളിൽ പ്രത്യേകമായ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. രാജ്യത്തുടനീളം 115 ആംബുലൻസ് വാഹനങ്ങളും ക്രിറ്റിക്കൽ പാരാമെഡിക്കുകളും സൈക്കിളുകളും ഗോൾഫ് കാർട്ടുകളും സജ്ജമാണെന്ന് അലി ദർവീശ് കൂട്ടിച്ചേർത്തു.
അവധിക്കാലത്ത് പൊതുജനങ്ങൾക്ക് ഫലപ്രദമായ പരിചരണം വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ആംബുലൻസുകളും പാരാമെഡിക്കുകളുമടങ്ങുന്ന പ്രത്യേക പദ്ധതി നാലാം ദിനം വരെ നടപ്പാക്കുമെന്നും അലി ദർവീശ് വ്യക്തമാക്കി. സീലൈൻ, ഗരിയ, അൽ വക്റ, സിമൈസിമ, കോർണിഷ് എന്നിവിടങ്ങളിലെ ബീച്ച് ഏരിയകളിൽ കൂടുതൽ ആളുകളെത്തുന്നതിനാൽ കൂടുതൽ ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, ആസ്പയർ സോൺ, കതാറ തുടങ്ങിയ ഇടങ്ങളിൽ ഗോൾഫ് കാർട്ടുകളും സൈക്കിളുകളും അനുവദിച്ചിട്ടുണ്ട്. അവധിക്കാലത്ത് നിരവധിയാളുകൾ യാത്ര ചെയ്യുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും അബൂ സംറ അതിർത്തിയിലും ആംബുലൻസ് സേവനം വിപുലീകരിച്ചിട്ടുണ്ട്. കൂടുതൽ ഗുരുതര കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന് മൂന്ന് ലൈഫ് ഫ്ലൈറ്റുകൾ (എയർ ആംബുലൻസ്) സജ്ജമാക്കിയിട്ടുണ്ട്.
ബീച്ചുകളിൽ പോകുമ്പോഴും മറ്റു കായിക പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. അവധിക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡിലിറങ്ങുന്നവർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണം. എച്ച്.എം.സി പീഡിയാട്രിക് എമർജൻസി സെന്ററുകൾ അവധിക്കാലത്ത് 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. അൽ സദ്ദിലെ പ്രധാന പി.ഇ.സിയിൽ രണ്ടാംദിനം 808 കേസാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

