2022ൽ മികവുറ്റ സേവനമേകി എച്ച്.എം.സി ആംബുലൻസ്
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ്
ദോഹ: പ്രതിദിനം 1200നും 1300നും ഇടയിൽ രോഗികളിലേക്ക് സേവനമെത്തിച്ച് ഹമദ് മെഡിക്കൽ കോർപറേഷന്റെ ആംബുലൻസ് സേവനം. 2022 വർഷത്തിൽ അസാധാരണവും സുഗമവുമായ പ്രവർത്തന മികവാണ് ആംബുലൻസ് സർവിസ് കാഴ്ച വെച്ചത്. കഴിഞ്ഞ വർഷം ആംബുലൻസ് സർവിസിനെ സംബന്ധിച്ച് മികച്ച വർഷമാണെന്ന് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് ‘ദി പെനിൻസുല’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
മെഡിക്കൽ എമർജൻസി, റോഡ് അപകടങ്ങൾ, ഇൻറർ ഫെസിലിറ്റി ട്രാൻസ്ഫറുകൾ എന്നിവയുൾപ്പെടെയുള്ള രോഗികളുടെ കൈമാറ്റവും സപ്പോർട്ടഡ് സർവിസ്, പ്രായമായ രോഗികൾക്ക് വീടുകളിലെത്തിയുള്ള പരിചരണം, നിശ്ചിത സൗകര്യങ്ങളിലെ പരിചരണമുൾപ്പെടുന്ന കമ്യൂണിറ്റി സേവനം തുടങ്ങിയവയും ഇതിലുൾപ്പെടുന്നുവെന്ന് അലി ദർവീശ് പറഞ്ഞു.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ടൂർണമെൻറ് കാലയളവിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ആംബുലൻസ് സേവനം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ടൂർണമെൻറിലുടനീളം സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ആംബുലൻസ് സർവിസിനായി. ആംബുലൻസ് സേവനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതെ ലോകകപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകിയതായും അലി ദർവീശ് ചൂണ്ടിക്കാട്ടി.
സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, മറ്റു സ്ഥലങ്ങൾ എന്നിവക്ക് സമീപമുള്ള ക്ലിനിക്കുകളുടെ ഉത്തരവാദിത്തവും ആംബുലൻസ് സർവിസ് ഏറ്റെടുത്തിരുന്നു. പ്രീ ഹോസ്പിറ്റൽ പരിചരണത്തിലെ വൈദഗ്ധ്യവും പരിചയസമ്പത്തും അതിന് പിൻബലമായി.
ലോകകപ്പ് സമയത്ത് ഏറെ തിരക്കേറിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം, അബൂസംറ അതിർത്തി തുടങ്ങിയ ഇടങ്ങളിലും ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. വർഷങ്ങളായുള്ള കൃത്യമായ ആസൂത്രണത്തിലൂടെ ലോകകപ്പിനുവേണ്ട മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും സുഗമമായി നടന്നു. അതിന്റെ ഫലമായി ടൂർണമെൻറിലുടനീളം എല്ലാം നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു. സ്ഥിരം സേവനങ്ങളെല്ലാം ഒരു തടസ്സവുമില്ലാതെ നൽകി. ടീം വർക്ക്, മറ്റ് സ്ഥാപനങ്ങളുമായുള്ള ഏകോപനം, ആംബുലൻസ് സർവിസിലെ ക്രൂ അംഗങ്ങളുടെ അർപ്പണബോധം എന്നിവ മികവുറ്റ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നതായി അലി ദർവീശ് വിശദീകരിച്ചു.
ഫിഫ ലോകകപ്പ് ആയിരുന്നു യഥാർഥ പരീക്ഷണം. എന്നാൽ, മുൻ വർഷങ്ങളിൽ നടന്ന പ്രധാന കായിക ചാമ്പ്യൻഷിപ്പുകളിൽനിന്ന് നിരവധി പാഠങ്ങൾ ഉൾക്കൊണ്ട് അതിനുവേണ്ടി സജ്ജരായി. ലോകകപ്പ് സമയത്തെ സ്തുത്യർഹമായ ആംബുലൻസ് സേവനത്തെ ഫിഫ അംഗീകരിച്ചു. രോഗികൾ സേവനത്തെ പ്രകീർത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനിടെ ആംബുലൻസ് സർവിസിന്റെ മികവ് കൂടുതൽ ഉയരത്തിലെത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകകപ്പ് അനുഭവം ഗംഭീരമായിരുന്നു. കാര്യക്ഷമവും സുഗമവുമായ സേവനം നൽകിയെന്നാണ് ഫിഫയിൽ നിന്നും ഗുണഭോക്താക്കളായ മറ്റുള്ളവരിൽ നിന്നും ലഭിച്ച അഭിപ്രായം.
ലോകകപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 158 ആംബുലൻസുകളും 2500 ജീവനക്കാരും അടങ്ങുന്ന വലിയ സംവിധാനം സജ്ജീകരിച്ചിരുന്നു. സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലും ഗോൾഫ് കാർട്ടുകൾ, സ്കൂട്ടറുകൾ, ബാക്ക്പാക്കുകൾ എന്നിവയും ഉപയോഗിച്ചു.
നിരവധി മേഖലകളിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് 2023ലും വിജയകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതിനായി മികവുറ്റ പരിശീലനവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അലി ദർവീശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

