സക്കാത് വിതരണത്തിൽ ചരിത്രനേട്ടം; 2025ൽ ചിലവഴിച്ചത് 33.5 കോടി റിയാൽ
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലുള്ള സക്കാത് അഫയേഴ്സ് വിഭാഗം 2025ൽ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത് 33.5 കോടി റിയാൽ. സകാത് അഫയേഴ്സ് വിഭാഗത്തിന്റെ ഉത്തരവാദിത്തത്തെയും സക്കാത് ഫണ്ട് കൃത്യതയോടെയും സുതാര്യമായും അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും ഡയറക്ടർ മാൽ അല്ലാ അബ്ദുറഹ്മാൻ അൽ ജാബിർ പറഞ്ഞു.
സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി 17.5 കോടി റിയാൽ സഹായമാണ് വിതരണം ചെയ്തത്. 18,000 അപേക്ഷകൾ പരിശോധിച്ച വകുപ്പ്, അർഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് സഹായം വിതരണം ചെയ്തത്.
മനുഷ്യവിഭവശേഷി വികസനത്തിന്റെ ഭാഗമായി 4,800 വിദ്യാർഥികൾക്ക് പഠനസഹായവും ഇക്കാലയളവിൽ നൽകി. ഇതിനായി 10.2 കോടി റിയാലിലധികം ചിലവഴിച്ചു. സാമ്പത്തിക പ്രയാസം മൂലം വിദ്യാർഥികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് സഹായം നൽകിയത്. ഖത്തറിന്റെ മാനുഷിക ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഗസ്സയിലെ പരിക്കേറ്റവർക്കും മറ്റും സഹായമായി 96.8 ലക്ഷം റിയാൽ സഹായവും നൽകി. 233 പേർക്ക് ചികിത്സാ സഹായവും, 132 പേർക്ക് കടബാധ്യതകളിൽ നിന്ന് മോചനവും, 75 ഭിന്നശേഷിക്കാർക്ക് പ്രത്യേക സഹായവും നൽകി.
കൂടാതെ ഇക്കാലയളവിൽ 201 കമ്പനികളുടെ സകാത്ത് കണക്കാക്കി നൽകുകയും 153 സ്ഥാപനങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി സക്കാത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുകയും ചെയ്തു. സകാത്ത് വരുമാനത്തിൽ 2025ൽ 15 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിച്ചതും വ്യക്തികളുമായും സ്ഥാപനങ്ങളുമായും ആശയവിനിമയം ശക്തമാക്കിയതും ഈ നേട്ടത്തിന് കാരണമായെന്നും അൽ ജാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

