ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫിന് ഖത്തറിൽ സ്വീകരണം
text_fieldsയാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കാതോലിക്ക അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം നൽകിയപ്പോൾ, സെക്രട്ടറി ജനറലിന്റെ ഓഫിസ് ഫോർ സർവിസസ് അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർ മറിയം നാസർ അൽ ഹെയിൽ, ഇന്ത്യൻ അംബാസഡർ വിപുൽ തുടങ്ങിയവർ സമീപം
ദോഹ: യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫിന് ഖത്തറിൽ സ്വീകരണം നൽകി.
ദോഹയിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന വർണാഭമായ പരിപാടി കോപ്റ്റിക്, ഇത്യോപ്യൻ, മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ഗ്രീക്ക്, കത്തോലിക്ക സഭ, മറ്റു ക്രൈസ്തവ സഭകൾ എന്നിവയുടെ സഹകരണത്തോടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചത്. അബുഹമൂറിലെ കോപ്റ്റിക് ചർച്ച് കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണ വേദിയിലേക്ക് കാതോലിക്ക ബാവയെ ഘോഷയാത്രയിലൂടെ ആനയിച്ചു. മാലാഖമാരായി വേഷമണിഞ്ഞ സൺഡേ സ്കൂൾ കുട്ടികൾ, വിശ്വാസികൾ, വൈദികർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു.
വർണക്കുടകൾ, തെളിയിച്ച മെഴുകുതിരികൾ, പതാകകൾ, ബാൻഡ്മേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി പ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെന്റ് ജെയിംസ് പള്ളി വികാരി ഫാ. ഫെവിൻ ജോൺ സ്വാഗതം പറഞ്ഞു.
തുടർന്ന് സംസാരിച്ച കാതോലിക്ക ബാവ, വിദേശികൾക്ക് തങ്ങളുടെ ആരാധനാ സ്വാന്ത്ര്യവും സമാധാനപരവും സുരക്ഷിതവുമായ ജീവിതവും ഉറപ്പാക്കുന്ന ഖത്തറിനും അമീറിനോടുമുള്ള നന്ദിയും ആദരവും രേഖപ്പെടുത്തി. ദോഹയിലെ സെന്റ് ജെയിംസ് പള്ളി സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
സെക്രട്ടറി ജനറലിന്റെ ഓഫിസ് ഫോർ സർവിസസ് അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർ മറിയം നാസർ അൽ ഹെയിൽ, ഇന്ത്യൻ അംബാസഡർ വിപുൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അരിസ്റ്റോവുലോസ്, കോപ്റ്റിക് സഭയിലെ ഫാ. ബൗലോസ് നസർ, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, അബ്ദുൽ സത്താർ, സി.വി. റപ്പായി, ബോബി തോമസ് എന്നിവർ കാതോലിക്ക ബാവയെ ആദരിച്ചു.
ഫാ. റൊസാരിയോ കോളാക്കോ, ഫാ. ടി.എസ്. അലക്സാണ്ടർ, ഫാ. മോസസ് എന്നിവർ സന്നിഹിതരായിരുന്നു. സെന്റ് ജെയിംസ് പള്ളി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജിപ്സൺ ജേക്കബ് നന്ദി പറഞ്ഞു. പള്ളി ട്രസ്റ്റി ജോസഫ് ജോർജ്, വൈസ് പ്രസിഡന്റ് ജീൻ പോൾ, പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

