പി.എച്ച്.സി.സികളിൽ ഇനി ‘ഹിജാമ’ ചികിത്സയും
text_fieldsദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലുള്ള ക്ലിനിക്കുകളിൽ കപ്പിങ് തെറപ്പിക്ക് (ഹിജാമ) തുടക്കം. പി.എച്ച്.സി.സി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സേവനങ്ങൾ വിപുലീകരിക്കുന്നതിനും വിട്ടുമാറാത്ത വേദന ചികിത്സിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു ബദൽ രോഗികൾക്ക് നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഹിജാമ ക്ലിനിക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പി.എച്ച്.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി.
ഏറെ പ്രചാരം നേടിയ പരമ്പരാഗത ചികിത്സ രീതിയായ കപ്പിങ് തെറപ്പി വിട്ടുമാറാത്ത നടുവേദന, മൈഗ്രെയ്ൻ, പേശീവേദന തുടങ്ങിയ രോഗാവസ്ഥകൾക്ക് ശമനം നൽകുന്നതിൽ ഏറെ പ്രസിദ്ധമാണ്. രോഗിയുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫിന്റെ പിന്തുണയുള്ള വിദഗ്ധരായ ആരോഗ്യ പ്രവർത്തകരായിരിക്കും ഈ സേവനം നൽകുകയെന്ന് പി.എച്ച്.സി.സി അറിയിച്ചു.
നിയന്ത്രിതവും അണുബാധയില്ലാത്തതുമായ അന്തരീക്ഷത്തിൽ കപ്പിങ് തെറപ്പി സേവനം നൽകുന്നതിലൂടെ, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രൊഫഷനലിസവും ഉറപ്പാക്കിക്കൊണ്ട് ബദൽ ചികിത്സക്കുള്ള വർധിച്ചുവരുന്ന ആവശ്യം പരിഗണിക്കുകയാണെന്ന് പി.എച്ച്.സി.സി വെൽനസ് പ്രോഗ്രാംസ് ഡയറക്ടർ ഡോ. വദാ അൽ ബാകിർ പറഞ്ഞു. കപ്പിങ് തെറപ്പി ആവശ്യമുള്ളവർ അവരുടെ കുടുംബ ഡോക്ടറെ കാണുകയും കപ്പിങ് തെറപ്പി സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആവശ്യമായ രക്തപരിശോധനക്ക് വിധേയമാകുകയും ചെയ്യണം.
പി.എച്ച്.സി.സിയുടെ ഉംസലാൽ, അൽ സദ്ദ്, ഉം അൽ സനീം ഹെൽത്ത് സെന്ററുകളിലാണ് നിലവിൽ കപ്പിങ് തെറപ്പി ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്. കുടുംബ ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ 107 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രണ്ടു വർഷം മുമ്പുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ ചില കേന്ദ്രങ്ങളിൽ കപ്പിങ് തെറപ്പി ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

