‘ദോഹ ഫോറം’ നാളെ മുതൽ; അമീർ ഉദ്ഘാടനം ചെയ്യും
text_fieldsദോഹ: നാളെ ആരംഭിക്കുന്ന പതിനേഴാമത് ദോഹ ഫോറം സമ്മിറ്റ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്യും. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അസ്സ്വബാഹ്, സുഡാൻ പ്രസിഡൻ്റ് ഉമർ ഹസൻ ബഷീർ, മാലി പ്രസിഡൻ്റ് ഇബ്രാഹീം ബൂബാർ കീതാ, ലബനാൻ പ്രധാനമന്ത്രി സഅ് റഫ്ഖ് അൽഹരീരി, സോമാലിയൻ പ്രധാനമന്ത്രി ഹസൻ അലി ഖൈരി, ഐക്യ രാഷ്ട്ര സഭ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമീന മുഹമ്മദ് തുടങ്ങിയ പ്രമുഖർ ഫോറത്തെ അഭിമുഖീകരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.ഇബ്രാഹീം അന്നുഐമി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇവർക്ക് പുറമെ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ, മന്ത്രിമാർ മറ്റ് ഗവൺമെൻറ് ഗവൺമെൻററിതര തലങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ അടക്കം 600 പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിൽ 414 പേർ രാജ്യാന്തര തലത്തിൽ ഉന്നത തലങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവരാണ്. ഉദ്ഘാടന സമ്മേളനത്തിന് പുറമെ അഞ്ച് സുപ്രധാന പൊതു യോഗങ്ങളാണ് പ്രധാന അജണ്ടയിലുള്ളതെന്ന് ഡോ. ഇബ്രാഹീം അന്നുഐമി അറിയിച്ചു. ഇതിന് പുറമെ 12 സമാന്തര സെക്ഷനുകൾ വെറെ നടക്കും. ആദ്യ ദിവസം പൊതു യോഗങ്ങൾക്ക് പുറമെ ആറ് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആറ് സമാന്തര സെക്ഷനുകളും നടക്കും. അമേരിക്കൻ സെനറ്റർ ജോർജ് മീഷൽ നയിക്കുന്ന ‘ഖത്തർ 2022, തൊഴിലാളികളുടെ അവകാശ സംരക്ഷണം’ എന്ന വിഷയത്തിലുള്ള പ്രത്യേക സെക്ഷൻ ഒന്നാം ദിവസം നടക്കും.
രണ്ടാം ദിവസം മൂന്ന് പൊതു യോഗവും ആറ് സമാന്തര സെക്ഷനുമാണ് നടക്കുക. രാഷ്ട്രീയ–സാമ്പത്തിക സ്ഥിരതക്ക് അന്താരാഷ്ട്ര സഹകരണം എന്ന ടൈറ്റിലിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. ഈ പരിപാടിയിൽ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അതിഥികളെ സ്വഗതം ചെയ്യും.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ ആനുകാലിക വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഡോ. ഇബ്രാഹീം അന്നുഐമി അറിയിച്ചു.
അഭയാർത്ഥി പ്രശ്നത്തിൽ വികസന സ്ഥിരത എന്ന വിഷയം ഈ സമ്മിറ്റിൽ പ്രധാന ചർച്ചാ വിഷയമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദോഹ ഫോറത്തിൽ സംബന്ധിക്കുന്നതിന് അതിഥികൾ എത്തി തുടങ്ങിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതീവ പ്രാധാന്യം അർഹിക്കുന്ന സമ്മിറ്റാണിത്. മേഖല നേരിടുന്ന വിവിധ വിഷയങ്ങളിൽ ഇവിടെ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
