സംഘർഷ മേഖലകളിലെ പൈതൃക സംരക്ഷണം; യുനെസ്കോ സമിതിയിൽ ഖത്തറും
text_fieldsയുനെസ്കോയിലെ ഖത്തർ പ്രതിനിധി സംഘം
ദോഹ: സായുധ സംഘട്ടന മേഖലകളിലെ സാംസ്കാരിക, പൈതൃക സ്വത്തുക്കളുടെ സംരക്ഷണം മുൻനിർത്തിയുള്ള യുനെസ്കോ സമിതിയിലേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടു. 12 അംഗങ്ങളുള്ള സമിതിയിൽ ഖത്തർ മ്യൂസിയമായിരിക്കും രാജ്യത്തെ പ്രതിനിധീകരിക്കുക.
സായുധ സംഘർഷ മേഖലകളിലെ സാംസ്കാരിക സ്വത്തുക്കളുടെ സംരക്ഷിക്കുന്നതിനുള്ള യുനെസ്കോയുടെ സമിതിയിൽ ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്ന് ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
സാംസ്കാരിക നയതന്ത്രമേഖലയിൽ ഖത്തറിന് ആഴമേറിയ പരിചയസമ്പത്തുണ്ട്.
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പൈതൃക സ്വത്തുക്കളും സാംസ്കാരിക പ്രദേശങ്ങളും സംരക്ഷിക്കുന്നതിൽ ഖത്തർ മ്യൂസിയത്തിെൻറ പ്രാഗല്ഭ്യം ഉപയോഗപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഏതെങ്കിലും ഒരു രാജ്യത്തെ പൈതൃകങ്ങൾക്ക് നാശം സംഭവിക്കുന്നതിലൂടെ ആകെ മനുഷ്യകുലത്തിനാണ് നഷ്ടമെന്നും ശൈഖ അൽ മയാസ കൂട്ടിച്ചേർത്തു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര സംഭാഷണങ്ങൾക്ക് വേദിയൊരുക്കുന്നതിലും ലോകത്ത് ഖത്തർ മുന്നിട്ട് നിൽക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു.
യുനെസ്കോ സമിതിയിൽ ചേരുന്നതിലൂടെ പൈതൃക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഖത്തർ മ്യൂസിയത്തിന് വലിയ സംഭാവന നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ മ്യൂസിയം സി.ഇ.ഒ അഹ്മദ് അൽ നംല പറഞ്ഞു.
സായുധ സംഘർഷ മേഖലകളിലെ പൈതൃക, സാംസ്കാരിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് 1954ലെ ഹേഗ് കൺവെൻഷനിലെ രണ്ടാമത് പ്രോട്ടോക്കോളിലെ വ്യവസ്ഥകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ മ്യൂസിയം ഇൻറർനാഷനൽ കോഓപറേഷൻ ഡയറക്ടർ ഡോ. ഫാതിമ അൽ സുലൈതി പറഞ്ഞു.
സംഘർഷമേഖലകളിലെ പൈതൃക സ്വത്തുക്കളുടെ സംരക്ഷണം മുൻനിർത്തി 1999ലാണ് യുനെസ്കോ പ്രത്യേക സമിതി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

