മെഡലിലെ മണൽത്തരികളിൽ നാടിന്റെ പൈതൃകം
text_fieldsസക്രീത് കോട്ടയുടെ ഭാഗങ്ങൾ
ദോഹ: ഖത്തർ വേദിയാവുന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനിക്കുന്ന മെഡലിനുമുണ്ട് ആതിഥേയ നാടിന്റെ പൈതൃകം വിളമ്പുന്ന കഥ. കളത്തിലെ പോരാട്ടത്തിൽ വിജയിച്ച് ചാമ്പ്യന്മാർ മാറിലണിയുന്ന മെഡലിൽ ഖത്തറിന്റെ പൈതൃകം വിളിച്ചോതുന്ന ഒരുപിടി മണൽത്തരികളാണ് ഒളിപ്പിച്ചിരിക്കുന്നത്.
യുനെസ്കോയുടെ ഹെറിറ്റേജ് പട്ടികയിൽ ഇടം നേടിയ സക്രീതിലെ മണൽ കൂടി പതിപ്പിച്ചാണ് സ്വർണം, വെള്ളി, വെങ്കല മെഡലുകൾ തയാറാക്കിയത്. ആതിഥേയ നഗരിയുടെ ഓർമകളും പാരമ്പര്യവും ടൂർണമെന്റിനൊപ്പം അടയാളപ്പെടുത്തുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സക്രീതിൽ നിന്നുള്ള മണലും മെഡലുകളിൽ വിദഗ്ധമായി പതിപ്പിച്ചത്.
ജൂഡോ ലോകചാമ്പ്യൻഷിപ് ജേതാക്കൾക്കുള്ള സ്വർണമെഡൽ
രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ഭൂതകാലവും അഭിവൃദ്ധിപ്രാപിക്കുന്ന ആധുനിക സംസ്കാരവുമായി ബന്ധിപ്പിക്കുന്നതാണ് ഈ നീക്കം. ഓരോ മെഡലും 28.8 ഗ്രാം തൂക്കത്തിലാണ് നിർമിച്ചത്. ഖത്തറിന്റെ പാരമ്പര്യവും ആധുനിക കാലത്തെ വളർച്ചയും കായിക കുതിപ്പുമെല്ലാം മെഡലിൽ സൂക്ഷ്മമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ലോക ജൂഡോ ചാമ്പ്യൻഷിപ്പിന് വേദിയാവുമ്പോൾ, ആതിഥേയ നഗരമെന്ന നിലയിൽ അവിശ്വസനീയ അനുഭവം സമ്മാനിക്കണമെന്നായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് ടൂർണമെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർമാരിൽ ഒരാളായ അബ്ദുല്ല അൽ മർറി പറയുന്നു.
ലോക ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട രാജ്യത്തിന്റെ പൈതൃക ഭൂമിയിലെ മണ്ണിനെ മെഡലിൽ പതിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല -അദ്ദേഹം പറഞ്ഞു. സ്വർണം, വെള്ളി, വെങ്കല മെഡലുകളാണ് ഓരോ വിഭാഗത്തിലും സമ്മാനിക്കുന്നത്. രണ്ട് വെങ്കല ജേതാക്കൾ ഉൾപ്പെടെ നാല് മെഡലുകൾ ഓരോ ഇനത്തിലും നൽകും. 99 രാജ്യങ്ങളിൽ നിന്നായി 660 താരങ്ങളാണ് ജൂഡോയിൽ മത്സരിക്കുന്നത്.
സക്രീത്
ദോഹയിൽ നിന്നും 80 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് സക്രീത് എന്ന ഖത്തറിന്റെ പൈതൃക ഗ്രാമം. ദുഖാനിന് അടുത്തായുള്ള ഗ്രാമം.
നൂറ്റാണ്ടുകളുടെ ചരിത്രവും ഖത്തർ എന്ന കുഞ്ഞുരാജ്യത്തിന്റെ വളർച്ചയുമെല്ലാം ഇവിടെ നിന്ന് തുടങ്ങുന്നു. 1800കളിലെ ഗ്രാമവും അക്കാലത്ത് നിർമിച്ച സക്രീത് കോട്ടയുടെ ഭാഗങ്ങളും ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. 1809നും 1812നുമിടയിൽ നിർമിച്ച കോട്ടയുടെ ഭാഗങ്ങൾ ചരിത്രാന്വേഷികൾക്ക് അവിശ്വസനീയ കാഴ്ചയാണ്. പുരാതന പള്ളിയുടെ അവശിഷ്ടങ്ങളും സംരക്ഷിക്കപ്പെട്ട നിലയിൽ കാണാം.
ജൂഡോ ജേതാക്കൾക്കുള്ള മെഡലുകൾ
ഫരുഷ് കല്ലുകളും കടൽപ്പാറകളുംകൊണ്ട് പ്രതിരോധ മാർഗം എന്നനിലയിൽ അന്നത്തെ ഗോത്രനേതാവായ റഹ്മ ബിൻ ജാബിർ അൽ ജലാഹ്മയാണ് കോട്ടയും പള്ളിയും നിർമിച്ചത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ പ്രദേശം കൂടിയാണിത്.ഖത്തറിന്റെ തീരത്ത് 1940കളിൽ എണ്ണനിക്ഷേപം കണ്ടെത്തി ഖനനം തുടങ്ങിയ കാലത്തും സക്രീതിന് നിർണായക പങ്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

