കേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണം -ഐക്യകേരളം സെമിനാർ
text_fields1. ഖത്തർ മലയാളി സമ്മേളനം ‘ഐക്യകേരളം’ സെമിനാർ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു, 2. പരിപാടിയുടെ സദസ്സ്
ദോഹ: കേരളത്തിന്റെ നവോത്ഥാന പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ‘ഐക്യകേരളം 67 വർഷങ്ങൾ, ചില ചരിത്രവർത്തമാനങ്ങൾ’ എന്ന സെമിനാർ അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 17ന് നടക്കുന്ന ഖത്തർ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് സെമിനാർ നടന്നത്. സ്വാഗത സംഘം ചെയർമാൻ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി ചെയർമാൻ എബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങി നിരവധി സാമൂഹിക പരിഷ്കർത്താക്കൾ ഊടും പാവും നൽകി നെയ്തെടുത്ത മനുഷ്യസൗഹാർദത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങളെ അതിശക്തമായി ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകേണ്ട കാലഘട്ടത്തിലാണ് കേരളം ഇന്ന് എത്തിനിൽക്കുന്നത് എന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.
കേരളത്തിന്റെ പരിഷ്കരണ സംരഭങ്ങളിലും പുരോഗതിയിലും പ്രവാസികളുടെ കൈയൊപ്പുകൂടി ഉണ്ടെന്നും സെമിനാർ നിരീക്ഷിച്ചു. സെമിനാറിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി വിഷയാവതരണം നടത്തി. കേരളത്തിലെ മത- സാമൂഹിക- വിദ്യാഭ്യാസ പരിഷ്കരണങ്ങളെ വിലയിരുത്തി ഹബീബ് റഹ്‌മാൻ കിഴിശ്ശേരി സംസാരിച്ചു. കോളനിവിരുദ്ധ സമരങ്ങളുടെ കേരള ചരിത്രം മുനീർ സലഫി വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരളീയമാതൃകകൾ ഫാ. ടി.എസ്. അലക്സാണ്ടർ അവതരിപ്പിച്ചു . മലയാളി സമ്മേളനത്തിന്റെ ഒഫീഷ്യൽ ഫ്ലയർ പബ്ലിസിറ്റി ചെയർമാൻ സിയാദ് കോട്ടയം റിലീസ് ചെയ്തു. തീം സോങ് പ്രകാശനം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ നിർവഹിച്ചു. ഫസലുറഹ്‌മാൻ മദനി, നസീർ പാനൂർ, ഇ.എം. സുധീർ, മുനീർ ഒ.കെ, സന്ദീപ് ഗോപിനാഥ്, ഷമീർ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

