ഹൃദയാരോഗ്യ സന്ദേശവുമായി ഹാർട്ട് മെഡിക്കൽ ക്യാമ്പ്
text_fieldsസി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ഹാർട്ട് മെഡിക്കൽ ക്യാമ്പിൽനിന്ന്
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. പ്രവാസി സമൂഹത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയ -കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ പരിപാടികളും നടന്നു. ഹാർട്ട് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും മെഡിക്കൽ പ്രഫഷനലുകളും ക്യാമ്പിൽ സേവനനിരതരായി.
ഹാർട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അൽനിഅമ, ലമാ സുഹ്ദി അബുഖലീൽ, റഗ്ദ ഹമദ്, മുഹമ്മദ് അൽഅസ്മർ, അഹമദ് അൽമാലികി, അബ്ദുറഹ്മാൻ അൽഇമാദി, ഡോ. ശൈഖ് അഹമദ് അബുൽ മാലി, ഡോ. ബാസിം അൽബിസ്ര, ഡോ. ഉമർ ഇബ്രാഹിം, ഡോ. ഫാദി ഖസാൽ, ഡോ. ഫത്ഹി അഹമദ്, ഡോ. സ്മിത അനിൽകുമാർ എന്നിവർ പങ്കെടുത്തു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കീഴിശ്ശേരി, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കേന്ദ്ര സമിതിയംഗം നൗഫൽ പാലേരി, മെഡിക്കൽ ക്യാമ്പ് കൺവീനർ അബ്ദുൽ ജലീൽ എം.എം തുടങ്ങിയവർ സംബന്ധിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പൊതുജനാരോഗ്യവും രോഗപ്രതിരോധ അവബോധവും വളർത്തിയെടുക്കുന്നതിൽ ഏറെ ഫലം ചെയ്യുമെന്ന് ഹാർട്ട് ഹോസ്പിറ്റൽ പ്രതിനിധികൾ സൂചിപ്പിച്ചു. പരിപാടി വിജയകരമാക്കാൻ സജീവമായി പങ്കെടുത്ത എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും വളന്റിയർമാർക്കും സംഘാടകർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

