'ഹെൽത്തി ലോകകപ്പ്': ആരോഗ്യ പരിരക്ഷക്കായി തയാറെടുപ്പ്
text_fieldsദോഹ കോർണിഷിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്ക്
ദോഹ: പശ്ചിമേഷ്യയിലും അറബ് ലോകത്തുമായി ആദ്യമെത്തുന്ന ലോകകപ്പ് ടൂർണമെൻറിന് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് തയാറെടുപ്പുകളുമായി പൊതുജനാരോഗ്യ മന്ത്രാലയം. ലോകകപ്പിൽ രാജ്യാന്തര നിലവാരത്തിലെ ചികിത്സാനുഭവം നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായി ഖത്തർ ഹെൽത്ത് 2022ഉം രണ്ടാമത് ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസും സംഘടിപ്പിക്കും.
ലോകകപ്പിനായുള്ള ആരോഗ്യ മേഖലയുടെ തയാറെടുപ്പുകളും മഹാമാരിക്കെതിരായ പോരാട്ടവും സംബന്ധിച്ച് ഫെബ്രുവരി ഒമ്പത് മുതൽ 12വരെ നടക്കുന്ന ഖത്തർ ഹെൽത്ത് 2022 വെർച്വൽ കോൺഫറൻസിൽ പ്രാദേശിക, അന്തർദേശീയ ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കെടുക്കും. ഈ വർഷം അവസാനത്തോടെ ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥ്യം വഹിക്കാനിരിക്കുകയാണ്. ഖത്തർ ഹെൽത്ത് 2022ൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായുള്ള ആരോഗ്യ വിദഗ്ധർക്ക് വേദിയൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ദശലക്ഷത്തിലധികം സന്ദർശകരെത്തുന്ന സാഹചര്യത്തിൽ, മാസ് ഗാദറിങ് മാനേജ്മെൻറ്, ഡിസാസ്റ്റർ മെഡിസിൻ, സാംക്രമികരോഗങ്ങൾ, ട്രോമാ സർജറി തുടങ്ങിയ പ്രധാന വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.
ലോകകപ്പ് സമയത്ത് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഖത്തർ ഹെൽത്ത് 2022, രണ്ടാമത് ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസ് സഹാധ്യക്ഷനായ ഡോ. മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു. ഖത്തറിന്‍റെ പൊതുജനാരോഗ്യ മേഖലയിലേക്ക് വെളിച്ചംവീശുന്നതായിരിക്കും ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസെന്നും കോവിഡ് സാഹചര്യത്തിലും ഏറ്റവും മികച്ച ലോകകപ്പിന് സജ്ജരാകുന്നത് സംബന്ധിച്ച് സമ്മേളനം വിശകലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണവും സാംക്രമിക രോഗങ്ങളും ആരോഗ്യ ഉയർച്ചയും സാംക്രമിക ഇതര രോഗങ്ങളും ഭക്ഷ്യസുരക്ഷയും പാരിസ്ഥിതിക ആരോഗ്യവും തുടങ്ങിയ സുപ്രധാന വിഷയങ്ങളും സമ്മേളനങ്ങളിൽ ചർച്ചയാകും. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നം ഗബ്രിയേസസ്, ലോകാരോഗ്യ സംഘടന കോവിഡ് സ്പെഷൽ എൻവോയ് ഡോ. ഡേവിഡ് നബാരോ തുടങ്ങിയ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഖത്തറിനെ സംബന്ധിച്ച് 2022 ഏറ്റവും നിർണായക വർഷമാണ്. ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ്പിന് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

