ആരോഗ്യ സുരക്ഷ; സുഡാനിലെ അഭയാർഥികൾക്കായി ഖത്തറിന്റെ ഇടപെടൽ
text_fieldsഅഫാത്ത് ഐ.ഡി.പി ക്യാമ്പിൽ ആരംഭിച്ച മൊബൈൽ ക്ലിനിക്
ദോഹ: സുഡാനിലെ അഭയാർഥികൾക്കായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അടിയന്തര ഇടപെടൽ. വടക്കൻ ദാർഫൂർ, കൊർദോഫാൻ എന്നിവിടങ്ങളിലെ സംഘർഷമേഖലകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സഹായകമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി അൽ ദബ്ബയിൽ അടിയന്തര മാനുഷിക ഇടപെടലുകൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വടക്കൻ സംസ്ഥാനത്തെ അഫാത്ത് ഐ.ഡി.പി ക്യാമ്പിൽ അടിയന്തര മെഡിക്കൽ സേവനങ്ങളും പ്രാഥമിക ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി മൊബൈൽ ക്ലിനിക് ആരംഭിച്ചു.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ദിവസം മുഴുവൻ ക്ലിനിക്കിൽ ഉറപ്പുവരുത്തും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുമായി ക്ലിനിക്കിനെ ബന്ധിപ്പിച്ച് റഫറൽ സംവിധാനത്തിന് കീഴിൽ അൽ-ദബ്ബ ഹോസ്പിറ്റലുമായി ചേർന്നാണ് പ്രവർത്തിക്കുക. മെഡിക്കൽ ക്ലിനിക്കൽ, ലബോറട്ടറി, ഫാർമസി സേവനങ്ങൾ ഉൾപ്പെടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏകദേശം 95,000 അഭയാർഥികൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ സേവനങ്ങൾ നൽകുക എന്നതാണ് മൊബൈൽ ക്ലിനിക്കിന്റെ ലക്ഷ്യം. രോഗികളെ പരിശോധിക്കുന്നതിനും ആവശ്യമായ മെഡിക്കൽ കൺസൽട്ടേഷനുകൾക്കും വിദഗ്ധർ പതിവായി സന്ദർശനം നടത്തുന്നുണ്ട്. രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ക്യാമ്പിന്റെ മധ്യഭാഗത്താണ് ക്ലിനിക് പ്രവർത്തിക്കുന്നത്. മെഡിക്കൽ പരിശോധനകളും മരുന്നുകളും ആരോഗ്യ വിദ്യാഭ്യാസം, മാനസിക-സാമൂഹിക പിന്തുണ ഇതോടൊപ്പം ഉറപ്പാക്കും.
നേരത്തേ, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഓഫിസ് ഹെഡ് ഡോ. സലിഹ് ദാക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും അവിടത്തെ ആരോഗ്യ മന്ത്രാലയവുമായി ഏകോപന യോഗം നടത്തുകയും ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുൽഗനി അബ്ദുൽ കരീമും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യമേഖലയിൽ നടത്തേണ്ട ഇടപെടലുകൾ, മുൻഗണനകളെക്കുറിച്ചും ഉഭയകക്ഷി സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. ഖത്തറിന്റെ മാനുഷിക സഹായ പ്രവർത്തനങ്ങളെയും മേഖലയിൽ ആരോഗ്യ സേവനങ്ങൾക്കായി നടത്തുന്ന അടിയന്തര ഇടപെടലുകളെയും ഡയറക്ടർ ജനറൽ പ്രശംസിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

