മേഖലയുടെ സ്പോർട്സ് ലീഡർ ഖത്തർ -ഒളിമ്പിക് മ്യൂസിയം മേധാവി
text_fieldsദോഹ: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ 500ൽ അധികം പ്രധാന കായിക മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതായി ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി. അന്താരാഷ്ട്ര തലത്തിൽ പ്രശംസ പിടിച്ചുപറ്റിയ സംഘാടനവും ഉന്നത നിലവാരമുള്ള കായികമേളകളുമായി മേഖലയുടെ സ്പോർട്സ് ലീഡറായി ഖത്തർ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ആതിഥ്യം വഹിച്ചതിൽ ലോകം ഏറെ പ്രശംസിച്ചതും കാണികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികവുകൊണ്ട് ശ്രദ്ധേയമായതുമായ മേളയായിരുന്നു ലോകകപ്പെന്ന് അദ്ദേഹം പറഞ്ഞു.ഏറെ മുമ്പ് തന്നെ ഖത്തർ മേഖലയിലെ കായിക നായകത്വത്തിലെത്തിയിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പാണ് രാജ്യം ആതിഥേയത്വം വഹിക്കുന്ന അടുത്ത പ്രധാന ചാമ്പ്യൻഷിപ്. ഏഷ്യയിലെ 24 മികച്ച ടീമുകളാണ് പങ്കെടുക്കുക. ഇത് മൂന്നാം തവണയാണ് ഏഷ്യയുടെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് ഖത്തറിലെത്തുന്നത്. നേരത്തേ 1998ലും 2011ലും എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തർ വേദിയായിരുന്നു.
ഫോർമുല വൺ, ലോക ജൂഡോ ചാമ്പ്യൻഷിപ് തുടങ്ങി സുപ്രധാന ഇവന്റുകൾക്ക് ഖത്തർ ഈ വർഷം ആതിഥ്യം വഹിക്കുന്നുണ്ട്. ലോക ജൂഡോ ചാമ്പ്യൻഷിപ്പിന്റെ മികച്ച പതിപ്പിനായിരിക്കും ഖത്തർ വേദിയാകുകയെന്ന് അധികൃതർ ഇതിനകം വ്യക്തമാക്കി. 2027ലെ ലോക ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. 2030ലെ ഏഷ്യൻ ഗെയിംസും ഖത്തറിൽ നടക്കും. 2006ലാണ് ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസ് ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

