Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൻെറയും നല്ല...

ഖത്തറിൻെറയും നല്ല പാട്ടുകാരൻ

text_fields
bookmark_border
ഖത്തറിൻെറയും നല്ല പാട്ടുകാരൻ
cancel
camera_alt

ഖത്തറിൽ നടന്ന സംഗീത പരിപാടിക്കിടെ വി.എം കുട്ടി, ഫൈസൽ എളേറ്റിൽ, പി.കെ പാറക്കടവ്​, വിദ്യാധരൻ മാസ്​റ്റർ, എം. ജയചന്ദ്രൻ, വി.ടി മുരളി എന്നിവർ

അരനൂറ്റാണ്ടോളം മാപ്പിളപ്പാട്ട് ആലാപനരംഗത്ത് ഒന്നാമനായി അരങ്ങുവാണ വി.എം. കുട്ടിയുടെ വിയോഗത്തോടെ ഒരു യുഗത്തിനാണ് തിരശ്ശീല വീണത്. ഖത്തറുമായി കുട്ടി മാഷിന് ഈടുറ്റബന്ധമുണ്ട്. എത്രയോ തവണ അദ്ദേഹവും സംഘവും ഈ അനുഗൃഹീത മണ്ണിലിറങ്ങുകയും മാപ്പിളഗാന വേദികളിൽ നിറഞ്ഞാടുകയും ചെയ്തു. ഖത്തറിലെ മാപ്പിള ഗാനാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീതരാവുകളെത്ര. അക്കാര്യത്തിൽ മുഹമ്മദ് ഈസ എന്ന സംഘാടകൻെറ സംഭാവനകൾ ശ്രദ്ധേയമാണ്. ഖത്തറിൽ മഷോടൊത്തുണ്ടായ സഹവാസങ്ങൾ ആ രംഗത്ത് പ്രവർത്തിക്കുന്ന പലർക്കും മറക്കാനാവാത്ത ഓർമകളാണ്. വ്യക്തിപരമായി, കുട്ടി മാഷുമായി പല സന്ദർഭങ്ങളിലും ഒന്നിച്ചിരിക്കാനും ആശയവിനിമയം നടത്താനും അവസരമുണ്ടായിട്ടുണ്ട്. 2006ൽ മലപ്പുറം ജില്ല വെൽഫെയർ അസോസിയേഷൻ (മംവാഖ്) സംഘടിപ്പിച്ച മാപ്പിളപ്പാട്ട്​ സെമിനാർ ഓർത്തുപോകുന്നു. മാപ്പിളപ്പാട്ട്​ വിചാര രംഗത്തെ സുപ്രധാന കൽവെപ്പായി ആ സംരംഭത്തെ മാഷ് പലപ്പോഴും എടുത്തുപറയുമായിരുന്നു.

അന്ന് മാഷോടൊപ്പം പരേതരായ കെ.എം. അഹ്മദ് (കാസർകോട്​), എസ്.എ. ജമീൽ, എരഞ്ഞോളി മൂസ എന്നിവരും ടി.കെ. ഹംസ, ഫൈസൽ എളേറ്റിൽ, യതീന്ദ്രൻ മാസ്​റ്റർ തുടങ്ങിയ ഇപ്പാേഴും മാപ്പിളപ്പാട്ട് ഗവേഷണരംഗത്ത് വ്യാപൃതരായ പ്രതിഭാധനരും ആ സെമിനാറിൽ പങ്കെടുത്ത് പ്രഭാഷണം നിർവഹിക്കുകയുണ്ടായി. ദോഹയിലെ മറക്കാനാവാത്ത ഒരു സാംസ്കാരികാനുഭവമായിരുന്നു അത്​. ആ സെമിനാറിലൂടെയാണ് ഫൈസൽ എളേറ്റിലിനെപ്പോലെ ശ്രദ്ധേയരായ പലരുടെയും താരോദയം സംഭവിച്ചത്.

പിറ്റേന്ന് നടന്ന മാപ്പിളപ്പാട്ട് മേഖലയിലെ പഴയ-പുതുതലമുറകൾ തമ്മിലുള്ള മത്സരം ഖത്തറിൽ ഏറെ ആഘോഷിക്കപ്പെട്ടു. കുട്ടി മാഷ് അതിൽ സജീവമായി പങ്കെടുത്തിരുന്നു. ഒരുഭാഗത്ത് മാഷും എരഞ്ഞോളി മൂസയും സിബല്ല സദാനന്ദനും പീർ മുഹമ്മദും റംല ബീഗവും മറുപക്ഷത്ത് ഫസീലയും റഹ്നയും കണ്ണൂർ ഷെരീഫും ഐ.പി. സിദ്ദീഖും ബെൻസീറയും അണിനിരന്ന് ഇശലുകൾ കെട്ടഴിച്ച മത്സരം ഇരുപക്ഷവും തുല്യ പോയൻറ്​ നേടി സമനിലയിൽ കലാശിക്കുകയായിരുന്നു.

തുടർന്നുള്ളൊരു ദിവസം ആ സംഘമൊന്നടങ്കം മാഷുടെ നേതൃത്വത്തിൽ ദോഹ മദ്റസയിലെ വിദ്യാർഥികളുമായി സംവദിച്ചത് മറ്റൊരു ഹൃദ്യമായ അനുഭവമായി. പിന്നീട് വർഷങ്ങൾക്ക്​ ശേഷം മാപ്പിളപ്പാട്ട് നായകന്മാർക്കായി മംവാഖ് ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിലും കുട്ടി മാഷ് പങ്കെടുത്ത് ആദരവും ഉപഹാരവും ഏറ്റുവാങ്ങുകയുണ്ടായി. പ്രായമേറെ ചെന്ന ജീവിതഘട്ടത്തിൽ ആ രാത്രിയിലും 'സംകൃത പമഗിരി' പാടിത്തിമിർത്ത് അദ്ദേഹം സദസ്സിനെ കൈയിലെടുത്തത് ഓർക്കുന്നു.

വി.എം. കുട്ടി-വിളയിൽ ഫസീല കൂട്ടുകെട്ടിലൂടെ താരമായി ഉദിച്ചുയരുകയും പിന്നീട് ആയിരക്കണക്കിന് വേദികളെ ശബ്​ദമാധുര്യത്താൽ ധന്യമാക്കുകയും മാപ്പിളപ്പാട്ട് ഗവേഷകനായി ജീവിതത്തിൻെറ അവസാനഭാഗം ജ്വലിപ്പിച്ചു നിർത്തുകയും ചെയ്ത കുട്ടി മാഷിനെ പരാമർശിക്കാതെ ആർക്കും മാപ്പിളപ്പാട്ടിൻെറ ചരിത്രമെഴുതാനാവില്ല. അതിൽ ഖത്തറിനും ദോഹക്കും ഒരിടമുണ്ടാവും.

ഹുസൈൻ കടന്നമണ്ണ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM kutty
News Summary - He is also a good singer from Qatar
Next Story