ഹസം അൽ മർഖിയ പാർക്ക് തുറന്നു; പാർക്കുകളുടെ എണ്ണം 150 ആയി
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥർ ഹസം അൽ മർഖിയ പാർക്ക് ഉദ്ഘാടനം നിർവഹിച്ചശേഷം
ദോഹ: ഖത്തറിൽ സ്വദേശികൾക്കും താമസക്കാർക്കും ഒഴിവുസമയങ്ങളിൽ വിശ്രമിക്കാനും ആഘോഷമാക്കാനുമായി ഒരു പൊതു പാർക്കുകൂടി. ഹസം അൽ മർഖിയ പാർക്കാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പാർക് വിഭാഗം നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
രാജ്യത്തെ പൊതുജനങ്ങൾക്ക് ലോകോത്തര നിലവാരത്തിൽ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, വിനോദ-കായിക പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് മറ്റൊരു പാർക്കുകൂടി തുറക്കുന്നതെന്ന് മന്ത്രാലയം പൊതുമരാമത്ത് വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല അഹമ്മദ് അൽ കറാനി പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദങ്ങൾക്കും വ്യായാമം ഉൾപ്പെടെ സൗകര്യങ്ങളുമായാണ് പാർക്ക് സജ്ജമാക്കിയത്.
24,000 ചതുരശ്ര മീറ്ററിൽ 14,500 ചതുരശ്ര മീറ്റർ പച്ചപ്പാണ് പാർക്കിന്റെ ആകർഷണം. ആകെ വിസ്തൃതിയുടെ 60 ശതമാനം വരെയാണിത്. 273 മരങ്ങൾ, 421 കുറ്റിച്ചെടികൾ എന്നിവയുമായി ജൈവസമ്പത്തും പരിസ്ഥിതി സൗഹൃദവും ഉറപ്പാക്കുന്നു. 585 മീറ്റർ ദൈർഘ്യമുള്ള നടപ്പാത, 671 മീറ്റർ നീളമുള്ള റണ്ണിങ് ട്രാക്ക്, 85 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വിശാലമായ ഔട് ഡോർ ഫിറ്റ്നസ് ഏരിയ, 687 മീറ്റർ നീളത്തിലുള്ള സൈക്ലിങ് ട്രാക്ക്, 454 ചതുരശ്രമീറ്റർ വിസ്തൃതിയിൽ കുട്ടികൾക്കുള്ള കളിയിടം എന്നിവയോടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
അഞ്ച് വയസ്സിന് താഴെ പ്രായക്കാർക്കും ആറ് മുതൽ 12 വരെ പ്രായക്കാർക്കും സുരക്ഷിതമായി കളിക്കാനുള്ള സൗകര്യങ്ങളോടെയാണ് ചിൽഡ്രൻസ് ഏരിയ സജ്ജീകരിച്ചത്. വിശ്രമമുറി, ഇരിപ്പിടങ്ങൾ, വാഹന പാർക്കിങ് എന്നിവയുമുണ്ട്.
പരിസ്ഥിതി സൗഹൃദ, ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യം എന്ന നിലയിലാണ് ഖത്തറിൽ പാർക്കുകളുടെ എണ്ണം വർധിപ്പിക്കുന്നത്. നിലവിൽ 150ഓളം പാർക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. കഴിഞ്ഞ ഡിസംബറിൽ അൽ സുദാൻ, അൽ തമീദ് മേഖലകളിലായി രണ്ട് പാർക്കുകൾ തുറന്നിരുന്നു. 2024ൽ ഏഴ് പുതിയ പാർക്കുകളാണ് ഉദ്ഘാടനം ചെയ്തത്. ദോഹയിൽനിന്ന് 15 കിലോമീറ്റർ പരിധിക്കുള്ളിലാണ് ഹസം അൽ മർഖിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

