മത്സരങ്ങൾ കാണാം, സമ്മാനങ്ങൾ നേടാം... കായിക പ്രേമികൾക്കായി "ഹയ്യു' ആപ് പുറത്തിറക്കി
text_fieldsദോഹ: കായിക മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് പോയിന്റുകളും സമ്മാനങ്ങളും നേടാൻ അവസരമൊരുക്കുന്ന പുതിയ ഹയ്യു (Hayyoh) ആപ്പ് പുറത്തിറക്കി. തിരഞ്ഞെടുക്കപ്പെട്ട കായിക മത്സരങ്ങൾ സ്റ്റേഡിയത്തിൽ നേരിട്ടെത്തി കാണുന്ന ആരാധകർക്ക് ആകർഷകമായ സമ്മാനങ്ങളും റിവാർഡുകളും നൽകുന്ന സ്പോർട്സ് ലോയൽറ്റി പ്ലാറ്റ്ഫോമാണിത്.
ആപ്പ് വഴി ടിക്കറ്റ് വാങ്ങാനും മത്സരം ശേഷം സ്റ്റേഡിയത്തിൽ തുടരുകയും ചെയ്യുന്നതിലൂടെ ആരാധകർക്ക് പോയന്റുകൾ നേടാം. കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അനുസരിച്ച് കൂടുതൽ പോയന്റുകൾ നേടാനും അവ പ്രത്യേക സമ്മാനങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കായിക മത്സരത്തിൽ പങ്കെടുക്കുമ്പോഴും അംഗങ്ങൾക്ക് ഒരു ടയർ പോയിന്റ് (ടി.പി) ലഭിക്കും. ഇത് അംഗത്വത്തിന്റെ നിലവാരം നിർണയിക്കുന്നതിന് സഹായിക്കും. സ്ഥിരീകരിച്ച ഓരോ മത്സരപങ്കാളിത്തത്തിനും 1,000 ഹയ്യു പോയന്റുകളും (എച്ച്.പി) ലഭിക്കും. ഹയ്യു റിവാർഡ്സ് കാറ്റലോഗ് ഈ പോയന്റുകൾ വഴി ഡിജിറ്റൽ അല്ലെങ്കിൽ മറ്റ് സമ്മാനങ്ങൾക്കായി ഉപയോഗിക്കാം.
ഭക്ഷണ -പാനീയങ്ങൾ, റീട്ടെയിൽ, ടെലികമ്യൂണിക്കേഷൻ, ബ്യൂട്ടി ആൻഡ് വെൽനെസ്, വിനോദം, ഹോട്ടലുകൾ, ഓട്ടോമോട്ടീവ് സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉൽപന്നങ്ങളും സേവനങ്ങളും ഉൾപ്പെടുന്നതാണ് ആപ്പിലെ റിവാർഡ് കാറ്റലോഗ്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ആശ്രിതരെയും ചേർക്കാം.
ടയർ പോയിന്റുകൾ കൈമാറ്റം ചെയ്യാനോ സമ്മാനങ്ങൾക്കായി ഉപയോഗിക്കാനോ കഴിയില്ല.പോയന്റുകൾ ലഭിക്കുന്നതിനായി ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ അംഗങ്ങൾ ടിക്കറ്റ് അവരുടെ ഹയ്യു അക്കൗണ്ടുമായി ബന്ധിപ്പിക്കണം. മത്സരം കണ്ടതായി സ്ഥിരീകരിച്ച ശേഷം പോയന്റുകൾ അക്കൗണ്ടിൽ ക്രഡിറ്റാകും. ഗൂഗ്ൾ പ്ലേ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്പ് സൗജന്യമായി ലഭ്യമാണ്. ആപ്പ് ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ സാധുവായ ഖത്തർ ഐ.ഡി നൽകി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

