ഏഷ്യന്‍ കപ്പിനുമുണ്ട് ഹയ്യാ കാര്‍ഡ്
text_fieldsലോകകപ്പിന്റെ ഹയ്യാ മൊബൈൽ ആപ്ലിക്കേഷൻ
ദോഹ: ലോകകപ്പ് ഫുട്ബാളിന് ഉപയോഗിച്ച് പ്രശംസ പിടിച്ചുപറ്റിയ ഹയ്യാ കാർഡ് ഏഷ്യൻ കപ്പിലും ഉപയോഗപ്പെടുത്തുമെന്ന് ടൂർണമെന്റ് സി.ഇ.ഒ ജാസിം അബ്ദുൽ അസീസ് അൽ ജാസിം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എന്നാൽ, ഏതെല്ലാം രീതിയിലാണ് ഹയ്യാ കാർഡ് ഉപയോഗപ്പെടുത്തുക, എന്തെല്ലാം മാറ്റങ്ങൾ വരും എന്നീ കാര്യങ്ങൾ സംബന്ധിച്ച് പ്രാരംഭ ഘട്ടത്തിലാണുള്ളത്. അധികം വൈകാതെ ഇതു സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കും -അദ്ദേഹം വിശദീകരിച്ചു.
ഫിഫ ലോകകപ്പ് വേളയിൽ രാജ്യത്തേക്കുള്ള പ്രവേശനത്തിനും സ്റ്റേഡിയത്തിലേക്ക് കടക്കാനുമെല്ലാമുള്ള ഏകജാലക സംവിധാനമായ ഹയ്യാ കാർഡിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതുപയോഗിച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ മൾട്ടി എൻട്രി സംവിധാനവും ഒരുക്കി. ഖത്തറിലെ, പൊതുഗതാഗത സൗകര്യങ്ങളില്‍ സൗജന്യ യാത്ര ഉൾപ്പെടെ ആനുകൂല്യങ്ങളും നൽകിയിരുന്നു. ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ, വിദേശ രാജ്യക്കാർക്ക് പ്രവേശനത്തിനുള്ള വഴിയായും ഹയ്യാ തുറന്നുനൽകി.