Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightമലയാളം മിഷൻ...

മലയാളം മിഷൻ കോഓഡിനേറ്ററുടെ വിദ്വേഷ പരാമർശം; പ്രതിഷേധം ശക്തം

text_fields
bookmark_border
മലയാളം മിഷൻ കോഓഡിനേറ്ററുടെ വിദ്വേഷ പരാമർശം; പ്രതിഷേധം ശക്തം
cancel

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങൾക്കും തൊഴിൽ തേടിയെത്തിയ പ്രവാസികൾക്കുമെതിരെ വിദ്വേഷ പരാമർശം നടത്തിയ ഖത്തറിലെ മലയാളം മിഷൻ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെതിരെ പ്രവാസലോകത്ത് കടുത്തപ്രതിഷേധം. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഖത്തറിൽനിന്നെത്തിയ പ്രതിനിധി എന്നനിലയിൽ സദസ്സിൽനിന്നുന്നയിച്ച ചോദ്യത്തിലാണ് കടുത്ത വിദ്വേഷ പരാമർശങ്ങൾ ഉന്നയിച്ചത്. ഗൾഫ് നാടുകളിൽ വലിയ തോതിൽ മതപരിവർത്തനം നടത്തുന്നതായും തീവ്രവാദികളുടെ ലൈംഗിക ആവശ്യത്തിനായി നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നുവെന്നുമാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചത്.

ചോദ്യത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗൾഫ് മലയാളികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി സംഘടനകളും വ്യക്തികളും ഖത്തറിലെ ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രാലയം, നോർക്ക തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പരാതികൾ നൽകി. സമൂഹമാധ്യമങ്ങളിലും ഇയാൾക്കെതിരെ കടുത്തവിർശനമാണ് ഉയരുന്നത്. പി.സി. ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയിൽ വെച്ചായിരുന്നു ദുർഗാദാസിന്‍റെയും വിഷംതുപ്പുന്ന വാക്കുകൾ. കേരള സാംസ്കാരിക വകുപ്പിന് കീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉപാധ്യക്ഷനുമായാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. കവി മുരുകന്‍ കാട്ടാക്കടയാണ് ഔദ്യോഗിക ഭരണസമിതി ഡയറക്ടർ.

കേരള സംസ്ഥാന സർക്കാറിനു കീഴിൽ വിദേശരാജ്യങ്ങളിലുള്ള മലയാളികൾക്കിടയിൽ ഭാഷാപഠനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച മലയാളം മിഷന്‍റെ ഖത്തർ കോഓഡിനേറ്ററാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലിചെയ്യുന്ന ദുർഗാദാസ് ശിശുപാലൻ. 30 വിദേശ രാജ്യങ്ങളിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഖത്തറിലെ കോഓഡിനേറ്ററായി സംഘ്പരിവാര്‍ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തേതന്നെ വിവാദമായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഗുരുതര വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിദ്വേഷവും വർഗീയതയും പടർത്തുന്ന വാദങ്ങൾ ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആരുടെ താല്‍പര്യപ്രകാരമാണ് ദുര്‍ഗാദാസിനെ മലയാളം മിഷനില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന ചോദ്യവുമായി ഗൾഫ് മലായാളികൾ രംഗത്തു വന്നു. വിവിധ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാറിനും അധികൃതർക്കും പരാതിയും നൽകി.

വിദ്വേഷ പ്രസ്താവന വേദനിപ്പിക്കുന്നത് –നഴ്സിങ് സംഘടനകൾ

ദോഹ: നഴ്സ് റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്ക് ലൈംഗിക സേവ ചെയ്യാൻ കൊണ്ടുപോകുന്നു എന്നറിഞ്ഞെന്നും അതു തടയാൻ എന്തുചെയ്യാൻ പറ്റുമെന്നും ഖത്തറിലെ പ്രവാസിയും മലയാളം മിഷൻ കോഓഡിനേറ്ററുമായ ദുർഗദാസിന്‍റെ ചോദ്യം ആതുരസേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരെ വേദനിപ്പിക്കുന്നതാണെന്ന് നഴ്സുമാരുടെ കൂട്ടായ്മയായ യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (ഖത്തർ) പ്രസ്താവിച്ചു.

വാസ്തവ വിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതുമായ പരാമർശങ്ങളിലൂടെ അപമാനിച്ചിരിക്കുന്നത് മുഴുവൻ ഇന്ത്യൻ നഴ്സുമാരെയുമാണ്. പ്രസ്തുത വിഷയം യുനീക് ഐ.ബി.പി.സിയുടെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മതവും രാഷ്ട്രീയവും പറഞ്ഞ് ഇന്ത്യൻ നഴ്സുമാർക്കിടയിൽപോലും ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ ആരിൽനിന്നുണ്ടായാലും നഴ്സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടും.

ഞങ്ങളുടെ വിശ്വാസവും രാഷ്ട്രീയവും നിലപാടുകളും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഒറ്റമനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ സേവന സന്നദ്ധരായി ഞങ്ങളുണ്ടാകും. കോവിഡ് കാലത്ത് മാലാഖമാരെന്നും ദൈവ തുല്യരെന്നുമൊക്കെ പാടിപ്പുകഴ്ത്തിയ അതെ ആർജവവും ആത്മാർഥതയും ഈ വിഷയത്തിലും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളിൽനിന്നും സംഘടനകളിൽനിന്നും ഉണ്ടാകണമെന്ന് കൂടെ ഓർമിപ്പിക്കുന്നു' -'യുനീക്' നഴ്സസ് പ്രസിഡന്‍റ് മിനി സിബിയും ജനറൽ സെക്രട്ടറി സാബിദ് പാമ്പാടിയും പ്രസ്താവനയിൽ വ്യക്തമാക്കി.

പരാമർശങ്ങളെ അപലപിക്കുന്നു

ദോഹ: ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന നഴ്സുമാരെയെല്ലാം മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിൽ പരാമർശനം നടത്തിയ ഖത്തർ മലയാളം മിഷൻ കോഓഡിനേറ്റർ ദുർഗാദാസിന്‍റെ വിദ്വേഷ പരാമർശങ്ങളെ അപലപിക്കുന്നതായി നഴ്സുമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്തൻ നഴ്സസ് ഇൻ ഖത്തർ (ഫിൻക്യൂ) പറഞ്ഞു. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങളിൽ പ്രതികരിക്കരുതെന്ന് നഴ്സുമാരായ അംഗങ്ങളോട് ആവശ്യപ്പെട്ടതായും പ്രസിഡന്‍റ് റീന ഫിലിപ്പ് വ്യക്തമാക്കി.

'കാലിക്കറ്റ് നോട്ട്ബുക്ക്' റസ്റ്റാറന്‍റിന് ബന്ധമില്ല –മാനേജ്മെന്‍റ്

ദോഹ: തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസ്താവന നടത്തിയ ഖത്തറിലെ പ്രവാസിയായ ദുർഗാദാസ് ശിശുപാലൻ 'കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റാറന്‍റ്' ഉടമയാണ് എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു. റസ്‌റ്റാറന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റർ ഷെയർ ചെയ്തതുകൊണ്ടായിരിക്കാം ഈ കെട്ടിച്ചമച്ച വാർത്ത പ്രചരിച്ചതെന്ന് അനുമാനിക്കുന്നതായും വാസ്തവത്തിൽ റസ്റ്റാറന്റിന് അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും മാനേജ്മെന്‍റ് അംഗങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു. റസ്റ്റാറന്‍റുമായോ അതിന്‍റെ മാനേജ്മെന്‍റുമായോ പ്രസ്തുത വ്യക്തിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് അർഥശങ്കക്കിടയില്ലാതെ അറിയിക്കുന്നതായും വ്യക്തമാക്കി.

നിയമ നടപടിയെടുക്കണം -ഇൻകാസ് ഖത്തർ

ദോഹ: വിദ്വേഷ പ്രസംഗം നടത്തിയ ദുർഗാദാസ് ശിശുപാലനെതിരെ നിയമ നടപടി സ്വീകരിക്കുകയും മലയാള വിഷൻ കോഓഡിനേറ്റർ പദവിൽനിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇൻകാസ് ഖത്തർ മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഐ.സി.സിയിൽ അഫിലിയേറ്റ് ചെയ്ത കേരളീയം ഖത്തർ എന്ന സംഘടനയുടെ പ്രസിഡൻറ് സ്ഥാനവും കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഖത്തർ കോഓഡിനേറ്റർ എന്ന സ്ഥാനവും അതുപോലെ പല പ്രധാന സംഘടനകളിലും പല പദവികളിലുമുള്ള ഇയാളിൽനിന്നും ആരോഗ്യ മേഖലയുടെ നട്ടെല്ലായ നഴ്സിങ് സമൂഹത്തിന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റിനെക്കുറിച്ച് മോശമായ രീതിയിൽ നടത്തിയ പ്രസ്താവന തികച്ചും അപലപനീയവും ദുരുദ്ദേശ്യപരവുമാണ്.

പൊതു സമൂഹത്തെയൊന്നാകെ അപമാനിക്കുന്ന ഇത്തരം ആളുകളെ മതേതരത്വ ശക്തികൾ സാമൂഹികരംഗത്തുനിന്നും പൊതു ഇടങ്ങളിൽനിന്നും അകറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു. ഖത്തറിലെ പ്രവാസി സമൂഹം മുഴുവൻ ഇത്തരം പൈശാചിക ചിന്താഗതിക്കാരായ മുഴുവൻ ആളുകളെയും ബഹിഷ്കരിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. പ്രവാസത്തിൽ കൂടെയുള്ളവരുടെ ജാതിയും മതവും നോക്കാതെ സാഹായിക്കുന്ന മനുഷ്യർ താമസിക്കുന്ന ഇടമാണ് ഗൾഫ് രാജ്യങ്ങൾ. കൃത്യമായ സംഘ്പരിവാർ ബന്ധമുള്ള ആളുകൾ സർക്കാറിന്റെ കീഴിലുള്ള ഇത്തരം പദവികളിൽ നിയമിക്കപ്പെടുന്നതും ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു.

വംശീയ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം –സി.ഐ.സി ഖത്തർ

ദോഹ: ദുർഗാദാസ് ശിശുപാലൻ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മലയാളം മിഷൻ കോഓഡിനേറ്റർ പദവിയിൽനിന്നും പുറത്താക്കുകയും ചെയ്യണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) കേന്ദ്ര സമിതി ആവശ്യപ്പെട്ടു.പരസ്പര വിശ്വാസം വീണ്ടെടുക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തർ മലയാളി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ആക്ടിങ് പ്രസിഡന്റ്‌ യാസിർ ഇ അധ്യക്ഷത വഹിച്ചു.

നഴ്സിങ് ഉദ്യോഗാർഥികളെ അവഹേളിക്കുന്ന പ്രസ്താവന –കൾചറൽ ഫോറം

ദോഹ: കേരള മലയാളം മിഷൻ ഖത്തർ കോഓഡിനേറ്ററും ഖത്തർ കേരളീയം പ്രസിഡന്റുമായ ദുർഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് കൾചറൽ ഫോറം ഖത്തർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഗൾഫ് മേഖലയിലെ സംവിധാനങ്ങളെ അപമാനിക്കുകയും നഴ്സിങ് മേഖലയിൽ ജോലി തേടി എത്തുന്ന ഉദ്യോഗാർഥികളെ അവഹേളിക്കുക്കുകയും ചെയ്യുന്ന പ്രസ്താവന വർഷങ്ങളായി ഗൾഫ് മേഖലയും ഇന്ത്യയും കാത്തുസൂക്ഷിക്കുന്ന സൗഹൃദബന്ധങ്ങൾക്ക് തുരങ്കം വെക്കുന്നതാനെന്നും കൾചറൽ ഫോറം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസിയുടെ സാംസ്കാരിക വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ ഔദ്യോഗിക പദവികളും ഇദ്ദേഹം വഹിക്കുന്നു എന്നത് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനു നാണക്കേടാണ്. മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കാൻ കേരള ഗവൺമെന്റ് സന്നദ്ധമാകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

മലയാളം മിഷൻ സ്ഥാനത്തുനിന്ന് നീക്കണം –ഐ.എം.സി.സി

ദോഹ: കേരള സർക്കാറിന്‍റെ കീഴിലുള്ള മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്ററും ഐ.സി.ബി.എഫ് അംഗവുമായ ദുർഗാദാസ് ശിശുപാലൻ ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയിട്ടുള്ള വർഗീയപരാമർശം മത സ്പർധ വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതും ഖത്തർ പോലുള്ള ഗൾഫ് രാജ്യങ്ങളെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ വേണ്ടിയുമാണെന്ന് ഐ.എം.സി.സി ഖത്തർ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനുംവേണ്ടി ബോധപൂർവം ശ്രമം നടത്തിയ ദുർഗാദാസിനെ മലയാളം മിഷൻ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ നൽകണമെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ഐ.എം.സി.സി ആവശ്യപ്പെട്ടു.

കുപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം –യൂത്ത് ഫോറം

ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തർ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗദാസ് തന്റെ വംശീയ പ്രസ്താവനയിലൂടെ പ്രവാസലോകത്ത് കേരളത്തിന്റെ അഭിമാനമായ നഴ്‌സുമാരെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്. പരസ്പര വിശ്വാസവും സഹവർത്തിത്വവുമാണ് ഗൾഫിലെ ഇന്ത്യൻ സമൂഹത്തിന്‍റെ കരുത്ത്. ഖത്തറിലെ ഇന്ത്യൻ സമൂഹം വിശിഷ്യ മലയാളികൾ കാത്തുസൂക്ഷിച്ചുവരുന്ന സൗഹൃദവും സഹവർത്തിത്വവും മാതൃകാപരമാണ്. നമ്മുടെ നാടിന്‍റെ സാമൂഹികമായ പുരോഗതിയുടെ അടിത്തറ തന്നെ ഇത്തരം സഹകരണങ്ങളാണ്. ഈ ഒരുമയെ ഒറ്റുകൊടുക്കുന്ന വംശീയവാദികളുടെ നിശ്ശബ്ദ സാന്നിധ്യങ്ങൾ നമുക്കിടയിലുണ്ടെന്നത് ഞെട്ടലുളവാക്കുന്നതാണ്. അത്തരക്കാർക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ പ്രവാസിവേദികളിൽ ഔദ്യോഗിക പദവികൾ ലഭിച്ചിരുന്നു എന്നത് ഗൗരവത്തോടെ തന്നെ കാണണം. പരസ്പര വിശ്വാസം വീണ്ടെടുക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തർ മലയാളി സമൂഹം മുന്നോട്ടുവരണമെന്നും യൂത്ത് ഫോറം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ്‌ എസ്.എസ്. മുസ്‌തഫ അധ്യക്ഷത വഹിച്ചു.

നടപടി സ്വീകരിക്കണം –ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി

ദോഹ: വിദ്വേഷ പ്രസംഗം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവാസികാര്യ മന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ഇന്ത്യൻ നാഷനൽ ലീഗ് അഖിലേന്ത്യ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ്‌ ദേവർകോവിലിനും ഡി.ജി.പിക്കും പരാതി നൽകി. ഇത്തരം വർഗീയ വിഷപ്പാമ്പുകൾ എങ്ങനെ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നകാര്യത്തിൽ ജാഗ്രത വേണമെന്നും സെൻട്രൽ കമ്മിറ്റി യോഗം വിലയിരുത്തി. പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ അധ്യക്ഷതവഹിച്ചു. ശംസുദ്ദീൻ വില്യാപ്പള്ളി, പി.എച്ച്. മൻസൂർ, ഹനീഫ് കടലൂർ, ടി.ടി. നൗഷീർ, ഷെയ്ഖ് ഹനീഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ സ്വാഗതവും മുബാറക് നെല്ലാളി നന്ദിയും പറഞ്ഞു.

സാമുദായിക സ്പർധ വളർത്തുന്നവരെ തുറുങ്കിലടക്കണം -ഐ.എം.സി.സി

ജിദ്ദ: മത സൗഹാർദത്തിന്റെ വിളനിലമായ കേരളത്തിലും സമുദായങ്ങൾക്കിടയിൽ മതസ്പർധ ഉണ്ടാക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയര്‍മാന്‍ എ.എം. അബ്ദുല്ലക്കുട്ടി, ജനറൽ കൺവീനർ പി.പി. സുബൈർ എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പി.സി. ജോർജ് നടത്തിയ കടുത്ത വർഗീയ പരാമർശങ്ങൾ വലിയ ഗൗരവത്തോടെ കാണേണ്ടതാണ്.

അദ്ദേഹത്തിന്റെ പ്രസ്താവന കേവല പരാമർശമായി കാണാൻ കഴിയില്ല. അത് തികച്ചും ആസൂത്രിതമായ ശ്രമമാണെന്നതിന് ജോർജിന്റെ സമീപകാലത്തെ നിരവധി പ്രസ്താവനകളും തെളിവാണ്. ഇത്തരം കടുത്ത വർഗീയത പ്രചരിപ്പിച്ച ഒരാൾക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിക്കാനുണ്ടായ പശ്ചാത്തലം പരിശോധിക്കപ്പെടണം. പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യത്തെ എതിർക്കാൻ ഹാജരാവാതിരുന്നതും ജനങ്ങളിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്.

ആയതിനാൽ പി.സി. ജോർജിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നിയമനടപടി സ്വീകരിച്ച് ഇത്തരം വർഗീയവാദികൾക്ക് ശക്തമായ ശിക്ഷ നൽകി രാജ്യത്തെ സമാധാനാന്തരീക്ഷം സംരക്ഷിക്കണമെന്നും കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.

Show Full Article
TAGS:Doha Hate speech Malayalam Mission Coordinator strong protest 
News Summary - Hate speech by Malayalam Mission Coordinator; The protest is strong
Next Story