നിസ്വാർഥനായ മനുഷ്യസ്നേഹി
text_fieldsമുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നാലര പതിറ്റാണ്ടിലേറെ കാലം നിറഞ്ഞുനിന്ന നിസ്വാർഥ സാമൂഹിക പ്രവർത്തകനായിരുന്നു ഹസ്സൻ ചൗഗ്ലെ. പൊതുപ്രവർത്തനത്തിലൂടെ വ്യക്തിപരമായ ഒരു നേട്ടവും സ്വന്തമാക്കാതെ, എല്ലാം പൊതുസമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വം. ബിസിനസുകാരൻ, പ്രവാസി സാമൂഹിക പ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, മനുഷ്യ സ്നേഹി എന്നീ നിലകളിൽ നാലരപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹം മുദ്ര ചാർത്തി.
സാമ്പത്തികമായി തകർന്ന് നിലനിൽപ് തന്നെ വെല്ലുവിളിയായി മാറിയ ഇന്ത്യൻ കൾചറൽ സെൻററിനെ പുനരുജ്ജീവിപ്പിച്ചതിന് പിന്നിലും ഹസ്സൻ ചൗഗ്ലെയെന്ന സംഘാടകന്റെ മികവുണ്ടായിരുന്നു. കടത്തിൽ മുങ്ങിയ ഐ.സി.സിയെ വീണ്ടെടുക്കാൻ അന്നത്തെ അംബാസഡർ രഞ്ജൻ മത്തായി ഹസ്സൻ ചൗഗ്ലെയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ആറുമാസം കൊണ്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ ഐ.സി.സിയെ വീണ്ടെടുക്കുകയും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറുകയും ചെയ്താണ് അന്ന് അദ്ദേഹം പടിയിറങ്ങിയത്. ഐ.സി.ബി.എഫ് രൂപവത്കരണം, ഐ.ബി.പി.സി കെട്ടിപ്പടുക്കൽ തുടങ്ങി വിവിധതലങ്ങളിലും സംഭാവന നൽകി.
ഖത്തറിലെ പ്രമുഖ സ്കൂളായ ഡി.പി.എസ് എം.ഐ.എസ് സ്വന്തമായി ഭൂമികണ്ടെത്തി നിർമിക്കുന്നതിലും ഹസ്സൻ ചൗഗ്ലെയുടെ സംഘാടകന മികവ് പ്രകടമായി. സഹായം തേടിയെത്തുന്ന ആരെയും മടക്കി അയക്കില്ലെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. തികഞ്ഞ മതേതരനും മനുഷ്യ സ്നേഹിയുമായ ഒരു പ്രവാസി സാമൂഹ്യപ്രവർത്തകനെയാണ് നഷ്ടമാവുന്നത്. ഖത്തറിൽ പരിചയപ്പെട്ടതും ഇടപഴകിയതുമായ മനുഷ്യരിൽ ഏറ്റവും മികച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാം.
(മുൻ ഐ.സി.സി, ഐ.സി.ബി.എഫ് പ്രസിഡന്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

