ഹാനികരം; ബേബി ഫുഡ് ഉപയോഗത്തിൽ മുന്നറിയിപ്പ്
text_fieldsദോഹ: കുട്ടികൾക്കായുള്ള ഏതാനും പാൽ ഉൽപന്ന ബ്രാൻഡുകളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. അമേരിക്കൻ കമ്പനിയായ അബോട്ടിന്റെ സിമിലാക്ക് ഹ്യൂമന്‍ മില്‍ക്ക് ഫോര്‍ട്ടിഫയര്‍, എലികെയര്‍, എലികെയര്‍ ജെ.ആര് എന്നീ ബേബി ഫോര്‍മുല പാല് ഉല്പന്നങ്ങള് ഉപയോഗിക്കരുതെന്നാണ് നിർദേശം. ഈ ബ്രാൻഡുകളിലെ ചില ബാച്ചുകളിൽ ഹാനികരമായ പദാർഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ കുട്ടികളുടെ ആരോഗ്യസംരക്ഷണാർഥം ഉപയോഗിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ രാജ്യാന്തര നെറ്റ്വർക്കായ 'ഇൻഫൊസാൻ'അറിയിപ്പ് പ്രകാരമാണ് മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ച് ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയത്.
മുൻകരുതൽ എന്ന നിലയിൽ രാജ്യത്തെ വിപണിയിൽ നിന്നും ഈ ഉൽപന്നങ്ങൾ പിൻവലിക്കാനും, വിൽപന തടയാൻ നിർദേശിച്ചതായും അറിയിച്ചു. കൂടാതെ ഇവയുടെ സാമ്പ്ളുകൾ ലബോറട്ടറി പരിശോധനക്കായി അയച്ചതായും വ്യക്തമാക്കി. അബോട്ടിന്റെ നിശ്ചിത ബ്രാൻഡുകളുടെ ഏതാനും ബാച്ചുകളിലാണ് ഹാനികരമായ പദാർഥങ്ങൾ കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടു. ഈ ഉല്പന്നങ്ങള് മൂലമുള്ള അസുഖങ്ങളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, പരാതി ഉയർന്ന ഉൽപന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചതായി അബോട്ട് അറിയിച്ചു. കുട്ടികൾക്ക് ബാക്ടീരിയ അണുബാധയുണ്ടായതായി രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് സിമിലാക് ഉൾപ്പെടെയുള്ള മിൽക് ബേബി ഫുഡുകൾ പിൻവലിച്ചതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

