പാട്ടിന്റെ പവിഴമഴയായ് ഹരിശങ്കർ
text_fieldsമ്യുസിസ് 22 സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഗായകൻ കെ.എസ്. ഹരിശങ്കർ സംസാരിക്കുന്നു
ദോഹ: മലയാള സംഗീത ലോകത്ത് പുതു തലമുറ കൊണ്ടാടുന്ന ഒരുപിടി പാട്ടുകൾ സമ്മാനിച്ച ഗായകനാണ് കെ.എസ്. ഹരിശങ്കർ. പല തലമുറകളിലായി സംഗീതപ്രേമികൾ കൊണ്ടാടിയ കെ. ഓമനക്കുട്ടി, എം.ജി. രാധാകൃഷ്ണൻ, എം.ജി. ശ്രീകുമാർ എന്നിവരുടെ കുടുംബത്തിലെ ഇളം തലമുറക്കാരൻ. മധുരമൂറുന്ന സ്വരമാധുരിയിൽ ഹരിശങ്കർ പാടുന്ന പാട്ടുകളെല്ലാം ആസ്വാദകർ ഹൃദയംകൊണ്ടാണ് ഏറ്റെടുത്തത്.
'നിലാവും മായുന്നു..', 'ജീവാംശമായി..', 'പവിഴമഴയേ...', 'ഹിമമഴയായി...' തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരിശങ്കര്‍ 2019ല്‍ പവിഴമഴയേ എന്ന ഗാനത്തിന് സൈമ പുരസ്കാരം നേടിയിട്ടുണ്ട്.
സിനിമ ഗാനലോകത്തെ ജൈത്രയാത്ര തുടരുന്നതിനിടെ താൻ നേതൃത്വം നൽകുന്ന 'പ്രഗതി മ്യൂസിക് ബാൻഡു'മായി ദോഹയിലുമെത്തിയിട്ടുണ്ട്. മ്യുസീസ് 22 സംഘടിപ്പിക്കുന്ന ഹരിശങ്കർ ലൈവ് വ്യാഴാഴ്ച വൈകീട്ട് ഏഴിന് ദോഹ അൽ അറബി സ്പോർട്സ് ഹാളിൽ അരങ്ങേറും. പരിപാടിയുമായി ബന്ധപ്പെട്ട് ദോഹയിൽ നടന്ന വാര്‍ത്ത സമ്മേളനത്തിൽ ടേസ്റ്റി ടീ മാനേജിങ് ഡയറക്ടർ അശറഫ്, ഗാഥ, അഭിഷേക്, റഹീപ് മീഡിയ ഡയറക്ട്ടർ ഷാഫി പാറക്കൽ എന്നിവര്‍ പങ്കെടുത്തു.
തന്റെ സംഗീത കുടുംബത്തിൽ നിന്നുള്ള വരവ്
കുടുംബത്തിൽ ഒരുപാട് സംഗീതജ്ഞരും പാട്ടുകാരുമുണ്ടെങ്കിലും സിനിമയിലേക്കുള്ള എന്റെ വഴി തനിച്ചായിരുന്നു. മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും മാതാപിതാക്കളുടെയുമൊന്നും സംഗീതത്തെ പിന്തുടരണമെന്ന് ആഗ്രഹിച്ചിട്ടില്ല. എങ്കിലും നല്ലൊരു സംഗീതജ്ഞനാവണം എന്നാണ് ആഗ്രഹിച്ചത്. കച്ചേരിയിലോ അല്ലെങ്കിൽ സംഗീതത്തിന്റെ മറ്റേതെങ്കിലും മേഖലയിലോ മികവ് തെളിയിക്കണമെന്നായിരുന്നു ആഗ്രഹം. കച്ചേരിയായിരുന്നു ആദ്യ നാളിലെ ഇഷ്ടം. കോളജിലെത്തിയപ്പോഴാണ് സിനിമയും മറ്റും സ്വപ്നം കണ്ടു തുടങ്ങിയത്. എങ്കിലും കുടുംബാംഗങ്ങളുടെയൊന്നും സഹായമോ മറ്റോ തേടാതെ തന്നെയാണ് അവസരങ്ങൾ കണ്ടെത്തിയതും പാട്ടുകൾ പാടിയതും. പാട്ടുകൾ ജനങ്ങൾ സ്വീകരിച്ചത് അനുഗ്രഹമായി മാറി. അതുകൊണ്ടുതന്നെ ഫീൽഡിൽ തുടരുമ്പോൾ സമ്മർദങ്ങളില്ലാതെ തന്നെ മുന്നോട്ടുപോകാൻ കഴിയുന്നു.
പ്രവാസ നാടുകളിലെ ഷോ
ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലും ഷോകൾ നടത്താറുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത വ്യത്യസ്തമാണ്. ആളുകൾ കാണാനെത്തുന്നതും സംഗീത പരിപാടിയിൽ കാണികൾ കൂടുതൽ ലയിച്ചുചേരുന്നതുമെല്ലാം നല്ല അനുഭവങ്ങളാണ്. പഴയ പാട്ടുകളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പ്രവാസി മലയാളികളിലുണ്ട്.
പാട്ടുകളുടെ തെരഞ്ഞെടുപ്പ്?
പാട്ടുകൾ സ്വീകാര്യത നേടുന്നതിന്റെ പ്രധാന കാരണം ആസ്വാദകരുടെ പിന്തുണ തന്നെയാണ്. ഓരോ പാട്ട് തിരഞ്ഞെടുക്കുമ്പോഴും ഗായകൻ എന്നനിലയിൽ ധാരണയുണ്ടാകാറുണ്ട്. വരികൾ എഴുതിയ ആളെയും കംമ്പോസറെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇങ്ങനെയൊരു ധാരണയുണ്ടാവുന്നത്. പക്ഷേ, ഓരോ ഗാനം പുറത്തിറങ്ങുമ്പോഴും അതിനെ ആത്യന്തികമായി നിർണയിക്കുന്നത് പ്രേക്ഷകരാണ്. മലയാളത്തിൽ മികച്ച സംഗീതജ്ഞരെയും രചയിതാക്കളെയും ലഭിക്കുന്നു എന്നത് അനുഗ്രഹമാണ്. അവർ നൽകുന്ന അവസരങ്ങൾക്ക് നന്ദി.
ഫുട്ബാൾ ലോകകപ്പും ഖത്തറും
ഫുട്ബാളിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. എങ്കിലും ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ അതിനു മുമ്പായി വരാൻ കഴിഞ്ഞതിൽ സന്തോഷം. നേരത്തെ കണ്ട ഖത്തറിനേക്കാൾ ഏറെ മാറ്റങ്ങളോടെയാണ് ഈ രാജ്യം ലോകകപ്പിനൊരുങ്ങുന്നത്.
പ്രഗതി ബാൻഡ്
കൂട്ടുകാരായ ഞങ്ങൾ അഞ്ചു പേർ ഏതാനും വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് പ്രഗതി ബാൻഡ്. അഭിഷേക്, അഭിജിത്ത് സുധി, പ്രീഷ്യസ് പീറ്റർ, ബാലു എന്നിവർക്കൊപ്പം സഹോദരൻ രവിശങ്കറും ബാൻഡിന്റെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

