സന്തോഷപ്പെരുന്നാൾ
text_fieldsവിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനായി എത്തിയ വിശ്വാസികൾ
ദോഹ: പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വിശ്വാസി സമൂഹം. മേഖലയിലെ സംഘര്‍ഷാവസ്ഥയിൽ അസ്വസ്ഥമാക്കുമ്പോഴും ഖത്തറി ഭരണകൂടം ഒരുക്കിയ സുരക്ഷവലയത്തില്‍ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് പൗരന്മാരും താമസക്കാരും ഈദിനെ വരവേറ്റത്. എമര്‍ജന്‍സി അലര്‍ട്ടുകളോ സ്ഫോടന ശബ്ദങ്ങളോ ഇല്ലാതെയാണ് ജനങ്ങൾ പെരുന്നാള്‍ ആഘോഷിച്ചത്.
സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി ഈദ് ഗാഹുകള്‍ ഒഴിവാക്കുകയും ജുമുഅ നടക്കുന്ന പള്ളികളിൽ വിശാലമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ തന്നെ പള്ളിയും പരിസരങ്ങളും ഈദ് പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളാൽ നിറഞ്ഞിരുന്നു. രാവിലെ 5.53നായിരുന്നു ഖത്തറിലുടനീളം പെരുന്നാൾ നമസ്കാരങ്ങൾ ആരംഭിച്ചത്.
റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിൽ നിലനിർത്താൻ ആഹ്വാനം ചെയ്ത് പെരുന്നാൾ നമസ്കാരങ്ങളിൽ ജനലക്ഷങ്ങൾ ഒത്തുചേർന്നു. ഇമാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്, എജുക്കേഷൻ സിറ്റി മോസ്ക്, അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഫനാർ) തുടങ്ങിയ സ്ഥലങ്ങളിലായി നടന്ന ഈദ് നമസ്കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പെരുന്നാൾ നമസ്കാരത്തിനു ശേഷം നടന്ന പ്രഭാഷണങ്ങളിൽ മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങളെക്കുറിച്ചും സംഘർഷങ്ങളെ കുറിച്ചും ഇമാമുമാർ സംസാരിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസം മുറുകെ പിടിച്ചും സുദൃഢമാക്കിയും കരുത്തുറ്റവരായി നിലകൊള്ളണമെന്ന് പെരുന്നാൾ സന്ദേശങ്ങളിൽ അവർ ആഹ്വാനം ചെയ്തു. അക്രമികളുടെ പദ്ധതികളെ ചെറുക്കാുകയും തന്ത്രങ്ങളെ പരാജയപ്പെടുത്തുകയും വേണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഈദ് നമസ്കാരങ്ങളിലും പ്രാർത്ഥനകളിലും പങ്കാളികളായി. പ്രാർത്ഥനകൾക്കു ശേഷം ആലിംഗനം ചെയ്തും സന്തോഷം പങ്കുവെച്ചും പരസ്പരം ഈദ് ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ മടങ്ങിയത്.
ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സാധാരണയായി നടക്കാറുള്ള സാംസ്കാരിക, വിനോദ പരിപാടികൾ, വെടിക്കെട്ട്, കുടുംബ സൗഹൃദ പരിപാടികൾ തുടങ്ങി കമ്മ്യൂണിറ്റി പരിപാടികൾക്കുവരെ ഇത്തവണ നിയന്ത്രണമുണ്ട്. മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വൈകുന്നേരങ്ങളിൽ കുടുംബ -സുഹൃദ് വീടുകളിൽ സന്ദർശനം നടത്തിയും കോർണിഷ് ഉൾപ്പെടെയുള്ള പാർക്കുകളിലും ഷോപ്പിങ് മാളുകളിലും മറ്റ് വിനോദ പ്രവർത്തികളിലും ഏർപ്പെട്ട് ഈദ് ആഘോഷങ്ങളിൽ മുഴുകി.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സാമൂഹിക പരിപാടികളിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ടെന്റുകളിലോ തുറസ്സായ സ്ഥലങ്ങളിലോ പരിപാടികൾ നടത്തരുത്. അപകടസാധ്യതകൾ കണക്കിലെടുത്ത്, ഹാളുകളിലോ ഇൻഡോർ വേദികളിലോ മാത്രമേ പരിപാടികൾ നടത്താവൂ എന്നും മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

