സേവനത്തിന്റെ പുതിയവഴി തീർത്ത ഹമീദ് അറൻതോട് നാട്ടിലേക്ക് മടങ്ങുന്നു
text_fieldsദോഹ: സാമൂഹിക-സാംസ്കാരിക പ്രവർത്തനരംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറൻതോട് 37 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി, സഹായഹസ്തം നീട്ടി അനവധി പേരുടെ ജീവിതത്തിൽ പ്രത്യാശ പകർന്ന ഹമീദ് അറൻതോട്, ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ വ്യത്യസ്തമായ സ്ഥാനം നേടിയിരുന്നു.പുതുതായി ഖത്തറിൽ എത്തുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ സേവനത്തിന്റെ ഏറ്റവും പ്രാമുഖ്യമുള്ള ഭാഗമായിരുന്നു. തൊഴിൽ നേടിക്കൊടുക്കുന്നതിലൂടെ നിരവധി കുടുംബങ്ങൾക്ക് ജീവിതോപാധി ഉറപ്പാക്കിയ അദ്ദേഹം പ്രവാസികളുടെ സുഹൃത്തും ആശ്രയവുമായിരുന്നു.
ദോഹ മുനിസിപ്പാലിറ്റിയിലെ ബലദിയയുടെ കൺട്രോൾ ഡിപ്പാർട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറൻതോട് സാമൂഹിക-സംഘടനാ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു. നാട്ടിൽ മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെ സംഘടനാരംഗത്ത് പ്രവേശിച്ച അദ്ദേഹം, ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കൗൺസിൽ അംഗം, കാസർകോട് മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. കൂടാതെ ഖത്തറിൽ മധൂർ പഞ്ചായത്ത് കെ.എം.സി.സി രൂപവത്കരണത്തിന് നേതൃത്വം വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ഖത്തർ ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ദുരിതബാധിതർക്കുള്ള സഹായ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യക്തിപരമായ സമയവും വിഭവങ്ങളും മാറ്റിവെച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നത് ഹമീദ് അറൻതോടിന്റെ ജീവിത രീതിയായിരുന്നു. ആഗസ്റ്റ് 22ന് കെ.എം.സി.സി ഓഫിസിൽ ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയും മധുർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനിൽ ഹമീദ് അറൻതോടിന് യാത്രയയപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

