ശീതീകൃത രക്തസെൽ സേവനവുമായി ഹമദ്
text_fieldsഎച്ച്.എം.സി നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ
ദോഹ: രോഗീപരിചരണത്തിൽ ശ്രദ്ധേയമായ ശീതീകൃത റെഡ് ബ്ലഡ് സെൽ സേവനത്തിന് തുടക്കം കുറിച്ച് ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ലബോറട്ടറി മെഡിസിൻ ആൻഡ് പാതോളജി വിഭാഗം. അപൂർവ രക്തഗ്രൂപ്പുള്ള രോഗികൾക്കും അടിയന്തര ഘട്ടങ്ങളിൽ രക്തം അനിവാര്യമായവർക്കും സഹായകമാവുന്നതാണ് ശീതീകൃത പാക്ക്ഡ് റെഡ് ബ്ലഡ് സെൽ (പി.ആർ.ബി.സി).
പ്ലാസ്മയും രക്തത്തിലെ മറ്റ് ഭാഗങ്ങളും നീക്കം ചെയ്താണ് ശീതീകൃത പി.ആർ.ബി.സികൾ നിർമിക്കുന്നത്. വലിയ തോതിൽ ചുവന്ന രക്താണുക്കളെ ഈ പ്രക്രിയയിലൂടെ അവശേഷിപ്പിക്കുന്നത് സൂക്ഷിക്കാനും, ഈ കോശങ്ങളെ പിന്നീട് പ്രത്യേക പദാർഥവുമായി ചേർത്ത് ശീതീകരിച്ച് അവയെ സംരക്ഷിക്കാനും സാധ്യമാക്കും. 30 വർഷം വരെ വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുകയും ചെയ്യും. ഈ കോശങ്ങൾ ഉരുകി ഉപയോഗിക്കുന്നതുവരെ ശരിയായി നിലകൊള്ളുകയും ചെയ്യും. ശീതീകരിച്ച ഇത്തരം കോശങ്ങൾ 37 ഡിഗ്രി സെൽഷ്യസിൽ ഉരുകുകയും രോഗിയിലേക്ക് കൈമാറുന്നതിനുമുമ്പ് സുരക്ഷിതമാക്കുന്നതിന് ഇതിലെ ഗ്ലിസറോൾ ശ്രദ്ധാപൂർവം നീക്കം ചെയ്യുകയും ചെയ്യും. രോഗികളുടെ സുരക്ഷയിലും പരിചരണത്തിലും പുതിയ സേവനം തുടക്കം കുറിച്ചത് വലിയ നാഴികക്കല്ലാണെന്ന് ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം ചെയർമാൻ ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.
അപൂർവ രക്തഗ്രൂപ്പുകൾ ദീർഘകാലം സൂക്ഷിച്ചുവെക്കുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിന് രക്തമാറ്റം ആവശ്യമായ രോഗികൾക്ക് ഇവയുടെ ലഭ്യത ഉറപ്പാക്കാൻ കഴിയുമെന്ന് ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ലബോറട്ടറി ടീമിലെ ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ. സാറ ആദിൽ സാലിം, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എക്സിക്യൂട്ടിവ് ഡയറക്ടറും ഹീമോവിജിലൻസ് മേധാവിയുമായ ഡോ. അയ്ഷ ഇബ്രാഹിം അൽ മൽക്കി, ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ മേധാവി ഡോ. സലൂവ അൽ ഹിംസി എന്നിവരാണ് പുതിയ സേവനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയിരിക്കുന്നത്.
ബോംബെ രക്തഗ്രൂപ്പുകൾ പോലുള്ള അപൂർവ രക്തങ്ങളുള്ള രോഗികൾക്കും, പലപ്പോഴും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഒ നെഗറ്റിവ് രക്തം പോലുള്ള നിർണായക രക്തഗ്രൂപ്പുകളുള്ളവർക്കും ഫ്രോസൺ പി.ആർ.ബി.സി സേവനം അനിവാര്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

