പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് അംഗീകാരം; ഗിന്നസ് നേട്ടവുമായി ഹമദ് തുറമുഖം
text_fieldsഗിന്നസ് റെക്കോഡ്
ദോഹ: ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് പുനഃസ്ഥാപന പദ്ധതിക്കുള്ള ഗിന്നസ് റെക്കോഡ് സ്വന്തമാക്കി നേട്ടങ്ങളുടെ പട്ടികയിൽ ഒരു പുതിയ നാഴികക്കല്ല് കൂടി ചേർത്തുവെച്ചു ഹമദ് തുറമുഖം.
സമുദ്ര ജൈവവൈവിധ്യവും തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കാനും ലക്ഷ്യമിട്ട് തുറമുഖത്തിൽ നടപ്പാക്കുന്ന തുടർച്ചയായ സുസ്ഥിര -പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഹമദ് തുറമുഖത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഗിന്നസ് റെക്കോഡാണിത്. നേരത്തെ, ലോകത്തിലെ ഏറ്റവും ആഴമേറിയ കൃത്രിമ തടം നിർമിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ലഭിച്ചിരുന്നു.
36,000ത്തിലധികം കണ്ടൽ മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി മാറ്റിസ്ഥാപിച്ചത്. തെരഞ്ഞെടുത്ത തീരദേശ സ്ഥലങ്ങളിലേക്കാണ് കണ്ടൽ മരങ്ങൾ മാറ്റിയത്. കൂടാതെ, പവിഴപ്പുറ്റുകളുടെയും കടൽപ്പുല്ലുകളുടെയും ശാസ്ത്രീയമായ മേൽനോട്ടവും മാറ്റി സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സമുദ്ര ആവാസവ്യവസ്ഥക്ക് യാതൊരുവിധ ദോഷവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു പദ്ധതി നടപ്പാക്കിയത്.
തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിലും സമുദ്രജീവികളുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിലും കാർബൺ ആഗിരണം ചെയ്യുന്നതിലും കണ്ടൽ മരങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ഈ പദ്ധതി രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ഖത്തറിന്റെ ഹരിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു നിർണായകമായ ചുവടുവയ്പ്പാണ്.
ഈ നേട്ടം ഹമദ് തുറമുഖത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതയോടുള്ള നിരന്തരമായ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്നും പ്രധാന വികസന, അടിസ്ഥാന സൗകര്യ പദ്ധതികളിൽ പാരിസ്ഥിതിക പരിഗണനകൾ നിലനിർത്തുന്നതിൽ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും മവാനി ഖത്തർ വിശദമാക്കി. ഭാവി തലമുറകൾക്കുവേണ്ടി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായാണ് പദ്ധതി നടപ്പാക്കിയത്. ലോകത്തിലെ ഏറ്റവും നൂതനവും സുസ്ഥിരവുമായ തുറമുഖമെന്ന സ്ഥാനം ഖത്തറിന്റെ പ്രധാന കവാടമായ ഹമദ് തുറമുഖം വീണ്ടും ഉറപ്പാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

