ഒ.പി സേവനത്തിൽ റെക്കോഡുമായി ഹമദ് മെഡിക്കൽ കോർപറേഷൻ
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ
ദോഹ: പോയവർഷം ഹമദ് മെഡിക്കൽ കോർപറേഷനിലെ വിവിധ വിഭാഗങ്ങളിലായി റെക്കോഡ് സന്ദർശക പങ്കാളിത്തം. എച്ച്.എം.സിയുടെ ഒ.പി വിഭാഗത്തിൽ മാത്രം 30 ലക്ഷത്തിലേറെ പേർ ചികിത്സ തേടിയെത്തിയതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ലബോറട്ടറിക്കു കീഴിൽ 24 ദശലക്ഷം പരിശോധനകൾ പൂർത്തിയാക്കി. ഖത്തറിലെ പ്രധാന ആരോഗ്യ പരിചരണ സംവിധാനമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ. ഒമ്പത് സ്പെഷലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്യൂണിറ്റി ആശുപത്രിയും ഉൾപ്പെടെ 12 ആശുപത്രികൾ പ്രവർത്തിക്കുന്നു. ആംബുലൻസ് സർവിസ്, പീഡിയാട്രിക് എമർജൻസി തുടങ്ങിയ വിഭാഗങ്ങളുമുണ്ട്.
കഴിഞ്ഞ വർഷം മുതൽ എല്ലാ ജനുവരിയിലും ആശുപത്രി അധികൃതർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഒ.പിയിലും ലാബ് ടെസ്റ്റിലുമാണ് ഏറ്റവും കൂടുതൽ പേർ സേവനം തേടുന്നത്. 2024ൽ ഒ.പിയിൽ 31.98 ലക്ഷം സന്ദർശകർ ചികിത്സതേടിയെത്തി. ജനുവരി മുതൽ ജൂൺ വരെ ഇത് 14.28 ലക്ഷവും, ജൂലൈ മുതൽ ഡിസംബർ വരെ 17.70 ലക്ഷം പേരുമാണ് എത്തിയത്. 24 ശതമാനമാണ് അർധവാർഷികത്തിലെ വളർച്ച രേഖപ്പെടുത്തുന്നത്.
ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജിയിൽ 2.43 കോടി പേർ പരിശോധന നടത്തി. ആദ്യ ആറു മാസത്തിൽ ഇത് 1.26 കോടിയും, രണ്ടാം പകുതിയിൽ 1.17 കോടിയുമാണ് ലാബ് ടെസ്റ്റുകൾ. എച്ച്.എം.സിയുടെ പേഷ്യൻസ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് (സി.പി.ഇ.എസ്.ഇ) സംവിധാനത്തിനു കീഴിൽ റഫറൽ ബുക്കിങ് മാനേജ്മെന്റ് സൗകര്യം കാര്യക്ഷമമാക്കിയത് ആശുപത്രി സേവനങ്ങൾ കൂടുതൽ എളുപ്പമാക്കി. ബുക്കിങ് കൃത്യത, കാത്തിരിപ്പ് സമയം കുറക്കൽ തുടങ്ങിയവക്ക് വഴിയൊരുക്കി.
എല്ലാ ആശുപത്രികളിലും കൂടി 4,05,571 കിടപ്പുരോഗികളെ ചികിത്സിച്ചു. എച്ച്.എം.സിയുടെ ‘നെസ്മാക്’ കസ്റ്റമർ സർവിസ് ഹെൽപ് ലൈൻ (16060) സേവനവും മികച്ച സംഭാവനയാണ് ആശുപത്രി സൗകര്യങ്ങളിൽ ഉറപ്പാക്കിയത്. 2024ൽ 17 ലക്ഷത്തിലധികം കാളുകളാണ് കൈകാര്യം ചെയ്തത്. 65 ഹെൽപ് ഡെസ്ക് സംവിധാനങ്ങളിലൂടെ രോഗികൾക്കും ബന്ധുക്കൾക്കും നേരിട്ടുള്ള സേവനങ്ങളും ഉറപ്പാക്കി. രാവിലെ ആറു മുതൽ രാത്രി 10 വരെ ഹെൽപ് ഡെക്സുകൾ സജീവമാകുമ്പോൾ, ഹമദ് ജനറൽ ആശുപത്രി എർമജൻസിയിൽ ഇതു മുഴു സമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

