ദോഹ: അവധിക്കാലം ചെലവഴിക്കുന്നതിനായി രാജ്യം വിടുന്നവർ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ഇതിനായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻററിൽ പ്രവർത്തിക്കുന്ന ട്രാവൽ ക്ലിനിക്ക് സന്ദർശിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. യാത്രാ സംബന്ധമായ പ്രശ്നങ്ങളും അസുഖങ്ങളും ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് എച്ച് എം സിയുടെ പ്രത്യേക നിർദേശം.
2017 ഫെബ്രുവരിയിലാണ് കമ്മ്യുണിക്കബിൾ ഡിസീസ് സെൻററിന് കീഴിലെ ട്രാവൽ ക്ലിനിക്കിന് എച്ച് എം സി തുടക്കം കുറിക്കുന്നത്. ട്രാവൽ മെഡിസിൻ എന്നത് ഖത്തറിനെ സംബന്ധിച്ച് പുതിയ ആശയമാണ്. നേരത്തെ യാത്രാ സംബന്ധമായ കുത്തിവെപ്പുകളും പ്രതിരോധ മരുന്നുകളും നൽകിയിരുന്നത് വളരെ കുറച്ച് ക്ലിനിക്കുകൾ മാത്രമായിരുന്നു. യാത്രക്ക് മുമ്പുള്ള നിർദേശങ്ങൾ, കൗൺസിലിംഗ്, വാക്സിനേഷൻ നടപടികൾ, മറ്റു രോഗപ്രതിരോധ വിവരങ്ങൾ തുടങ്ങിയവയാണ് ട്രാവൽ ക്ലിനിക്കിലൂടെ നൽകുന്നത്.
യാത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് സെൻററിലെ ട്രാവൽ ക്ലിനിക്കിലെത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കമ്മ്യൂണിക്കബിൾ ഡിസീസ് ആൻഡ് ട്രാവൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. മുഹമ്മദ് അബു ഖത്താബ് പറഞ്ഞു. യാത്രയുടെ നാലാഴ്ച മുമ്പെങ്കിലും ക്ലിനിക്കിലെത്തി ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും രണ്ടാഴ്ച മുമ്പെങ്കിലും എത്തുന്നത് വളരെ നല്ലതാണെന്നും ഡോ. അബു ഖത്താബ് പറഞ്ഞു. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെയും സ്ഥലങ്ങളിലെയും ആരോഗ്യ സാഹചര്യങ്ങൾ സംബന്ധിച്ച് ബോധവാന്മാരാകണമെന്നും കൃത്യമായ വിവരം നേടിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ മറ്റൊരിടത്തും ലഭ്യമല്ലാത്ത പ്രതിരോധ കുത്തിവെപ്പുകൾ ട്രാവൽ ക്ലിനിക്കിൽ ലഭ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആഴ്ചയിൽ 30ഓളം യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 400ലധികം യാത്രക്കാരെ പരിശോധിച്ചതായും കൂടുതൽ ആവശ്യമായി വരികയാണെങ്കിൽ മറ്റു സ്ഥലങ്ങളിലും ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നും ഡോ. അബു ഖത്താബ് അറിയിച്ചു.