റമദാൻ: രക്ത,അവയവദാന കാമ്പയിനുമായി ഹമദ് മെഡിക്കൽ കോർപറേഷൻ
text_fieldsഎച്ച്.എം.സി-എ.എൽ.എഫ് റമദാൻ രക്തദാന-അവയവദാന കാമ്പയിന്റെ ഉദ്ഘാടനം ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി നിർവഹിക്കുന്നു
ദോഹ: രക്തദാനത്തിനും അവയവദാനത്തിനുമുള്ള ഹമദ് മെഡിക്കൽ കോർപറേഷന്റെ 12ാമത് റമദാൻ ഫീൽഡ് കാമ്പയിന് തുടക്കമായി. അൽ ഫൈസൽ വിതൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ (എ.എൽ.എഫ്), സിറ്റി സെന്റർ ദോഹ മാൾ എന്നിവയുമായി സഹകരിച്ച് ‘ജീവിതത്തിന്റെ സമ്മാനം നൽകുക’ എന്ന പ്രമേയത്തിലാണ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള എ.എൽ.എഫിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനിലെ പങ്കാളിത്തം. രാജ്യവ്യാപകമായ സംരംഭങ്ങളുടെയും എച്ച്.എം.സിയുമായുള്ള കമ്യൂണിറ്റി പങ്കാളിത്തത്തിന്റെയും ഭാഗമായുള്ള കാമ്പയിനിലൂടെ ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിലും രോഗികളുടെ ജീവൻ രക്ഷിക്കുന്നതിലുമുള്ള എ.എൽ.എഫിന്റെ നിർണായക പങ്കും എടുത്തു കാട്ടുന്നു.
മാനുഷികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണക്കുകയെന്ന എ.എൽ.എഫിന്റെ ദൗത്യത്തിന്റെ ഭാഗമാണ് കാമ്പയിനിലെ പങ്കാളിത്തമെന്ന് അൽ ഫൈസൽ വിതൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി പറഞ്ഞു. അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനകം 5.80 ലക്ഷം കവിഞ്ഞതായി എച്ച്.എം.സി അവയവദാന കേന്ദ്രം ഡയറക്ടർ ഡോ. റിയാദ് ഫാദിൽ പറഞ്ഞു. രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയുടെ 28 ശതമാനം വരുമിത്. കഴിഞ്ഞ വർഷം 60 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും 12 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഒരു ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയതായും റിയാദ് ഫാദിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.