ഹമദ് വിമാനത്താവളത്തിൽ കോൺകോഴ്സ് ‘ഇ’ തയാർ
text_fieldsഹമദ് വിമാനത്താവളത്തിലെ പുതിയ കോൺകോഴ്സ് ‘ഇ’ ഗേറ്റ്
ദോഹ: വിമാനത്തിൽ പ്രവേശിക്കാൻ സെൽഫ് ബോഡിങ് ഗേറ്റുകൾ ഉൾപ്പെടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് ഹമദ് വിമാനത്താവളത്തിൽ പുതിയ കോൺകോഴ്സ് തുറന്നു. ടെർമിനൽ വിപുലീകരണത്തിന്റെ ഭാഗമായി കോൺകോഴ്സ് ഇ’ പ്രവർത്തന ക്ഷമമായതായി അധികൃതർ അറിയിച്ചു.
ചെക്ക് ഇൻ പൂർത്തിയാക്കിയ യാത്രക്കാർ വിമാനത്തിൽ പ്രവേശിക്കുന്നതിനായുള്ള ഇടനാഴിയാണ് കോൺകോഴ്സ്. വിമാനത്തിലേക്കുള്ള ബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ സൗകര്യപ്പെടുത്തിക്കൊണ്ടാണ് പുതിയ ‘ഇ’ കോൺകോഴ്സ് സജ്ജമാക്കിയത്.
വിമാനത്തിലെത്താൻ ബസുകൾ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും വിധമാണ് പുതിയ വികസനം. വിപുലീകരണം വിമാനത്താവളശേഷി 51,000 ചതുരശ്ര മീറ്റർ അധിക വിസ്തൃതിയും ഉറപ്പാക്കുന്നതാണ്. യാത്രക്കാർ നേരിട്ട് വിമാനത്തിൽ പ്രവേശിക്കുന്ന എട്ട് കോൺടാക്സ് ഗേറ്റുകളോടെയാണ് കോൺകോഴ്സ് ‘ഇ’ നിലവിൽ വരുന്നത്. ഇത് വിമാനത്താവള ഗേറ്റ് ശേഷി നിലവിലേതിനെക്കാൾ 20 ശതമാനമായി വർധിപ്പിക്കുകയും യാത്രക്കാരുടെ ഒഴുക്കിന് വേഗം നൽകുകയും ചെയ്യും.
അഡ്വൻസ്ഡ് സെൽഫ് ബോഡിങ് സാങ്കേതികവിദ്യ, ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം, റീട്ടെയിൽ-ഡൈനിങ് സൗകര്യം എന്നിവ ഉൾപ്പെടെ സംവിധാനങ്ങളോടെയാണ് ഇത് നിലവിൽവന്നത്. വിപുലീകരണത്തിന്റെ ഭാഗമായി കോൺകോഴ്സ് ഡി പ്രഖ്യാപനം ഉടനുണ്ടാകും.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോൺകോഴ്സ് യാത്രക്കാർക്ക് കൂടുതൽ സുഖകരവുമായ അനുഭവം ഉറപ്പുനൽകുന്നതായി ഹമദ് വിമാനത്താവള സി.ഒ.ഒ ഹമദ് അലി അൽ ഖാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

